രാജ്ഭവൻ നിസകരണത്തെ കുറിച്ച് അറിയില്ല; പ്രതികരണവുമായി ധനമന്ത്രി

തിരുവനന്തപുരം: ധനകാര്യ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി രാജ്ഭവൻ സഹകരിക്കുന്ന കാര്യത്തിൽ അറിവില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗവർണറുടെ പരാതിയിൽ മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. അതിനപ്പുറമൊന്നുമില്ല. മാധ്യമങ്ങളോട് നന്ദിയുണ്ട്. ഈ സംഭവത്തിന് ആധാരമായ വിഷയങ്ങളെല്ലാം പൊതുസമൂഹത്തിന് മുന്നിലെത്തിച്ചത് മാധ്യമങ്ങളാണ്. ബാക്കി കാര്യങ്ങളെല്ലാം ഗവർണറുടെ കത്തിലുമുണ്ട്. മറ്റ് നടപടിക്രമങ്ങളെല്ലാം മുഖ്യമന്ത്രിയും ഗവർണറും തമ്മിലാണെന്നും കെ എൻ ബാലഗോപാൽ പ്രതികരിച്ചു.

ഗവർണറുമായുള്ള വിവാദങ്ങൾക്കിടെ ധനമന്ത്രി കെ എൻ ബാലഗോപാലിനെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചെന്നാണ് വിവരം.മന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി ഇന്നലെ തള്ളിയിരുന്നു. അതേസമയം മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഒക്ടോബർ 18ന് ധനമന്ത്രി നടത്തിയ പ്രസംഗമാണ് ഗവർണറെ ചൊടിപ്പിച്ചത്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടുന്നതുമാണ് പ്രസംഗമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഗവർണർ പറയുന്നു. ബോധപൂർവ്വം തന്റെ സത്യപ്രതിജ്ഞ ലംഘിക്കുകയാണ് മന്ത്രി എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മന്ത്രി കേരളത്തിന്റെ പാരമ്പര്യം മറന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനം ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഗവർണറുടെ കത്ത്.

ധനമന്ത്രിയെ നീക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് കിട്ടിയതിന് പിന്നാലെ പ്രതികരിച്ചു. ധനമന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടെന്നും മന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. മന്ത്രിയുടെ പ്രസംഗം അപമാനിക്കുന്നതാണെന്ന് ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി. ഗവർണർ വിമർശനത്തിന് അതീതനല്ലെന്നും ധനമന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Top