ശ്രീരാമകൃഷ്ണന്റെ നിലപാടുകൾ തള്ളി ബാലഗോപാലിന്റെ കിടിലൻ പോസ്റ്റ് . . .

സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഇതിനേക്കാള്‍ വലിയ ഒരു മറുപടി ഇനി ലഭിക്കാനുണ്ടാവില്ല. അത് പരോക്ഷമായാണെങ്കില്‍ പോലും ഇപ്പോള്‍ നല്‍കിയിരിക്കുകയാണ് കെ.എന്‍ ബാലഗോപാല്‍. എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ അദ്ധ്യക്ഷനും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ബാലഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ ചൂടുള്ള ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

രാഷ്ട്രീയ എതിരാളികളും, കുത്തക മാധ്യമങ്ങളും എസ്.എഫ്.ഐയെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ എരിതീയില്‍ എണ്ണ ഒഴിച്ച സ്പീക്കര്‍ക്കുള്ള ചുട്ട മറുപടിയാണിതെന്നാണ് സി.പി.എം- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.’ലജ്ജാഭാരം കൊണ്ട് ശിരസ്സ് കുനിക്കുന്നു’ എന്ന് പറഞ്ഞ ശ്രീരാമകൃഷ്ണന് ലജ്ജാഭാരം കൊണ്ട് ശിരസ്സു കുനിച്ചല്ല, അഭിമാനബോധത്താല്‍ ശിരസ്സുയര്‍ത്തിയാണ് നാട് എസ്.എഫ്.ഐയെ കാണുന്നതെന്ന മറുപടിയാണ് ബാലഗോപാല്‍ നല്‍കിയിരിക്കുന്നത്.

എസ്.എഫ്.ഐ അഭിമാനമാണെന്നും ഇടനെഞ്ചില്‍ തുടിക്കുന്ന വികാരവും ഒരു നാടിന്റെ പ്രതീക്ഷയുമാണെന്നും ബാലഗോപാല്‍ വ്യക്തമാക്കുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ അഖിലിന്റെ അച്ഛനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ഈ അഭിപ്രായ പ്രകടനം. മാധ്യമങ്ങള്‍ കിണഞ്ഞു ശ്രമിച്ചിട്ടും എസ്.എഫ്.ഐയാണ് ശരിയെന്ന് അവര്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണെന്നും ബാലഗോപാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

നേരത്തെ യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍ എസ്.എഫ്.ഐയെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രൂക്ഷമായാണ് വിമര്‍ശിച്ചിരുന്നത്. ‘നിങ്ങള്‍ ഏത് തരക്കാരാണെന്നും എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാലയെന്നും ചോദിച്ച അദ്ദേഹം ഏതു പ്രത്യായ ശാസ്ത്രമാണ് തണലെന്നും’ പരിഹസിച്ചിരുന്നു.

മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗ്ഗത്തേക്കാള്‍ നല്ലത് സമ്പൂര്‍ണ്ണ പരാജയത്തിന്റെ നരകമാണെന്നും ശ്രീരാമകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുകയുണ്ടായി. ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു എന്ന് പറഞ്ഞായിരുന്നു സ്പീക്കറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ തുടക്കം തന്നെ. ബാലഗോപാലാകട്ടെ അവസാനിപ്പിച്ചത് അഭിമാനബോധത്താല്‍ ശിരസ്സുയര്‍ത്തിയാണ് ഈ നാട് എസ്.എഫ്.ഐയെ കാണുന്നതെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ പ്രതികരിച്ച രണ്ട് നേതാക്കളുടെ വ്യത്യസ്തമായ ഈ അഭിപ്രായ പ്രകടനങ്ങള്‍ സി.പി.എം അണികളിലും നേതാക്കളിലും വലിയ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ബാലഗോപാല്‍ സ്വീകരിച്ച നിലപാടാണ് ശരിയെന്ന അഭിപ്രായമാണ് ബഹുഭൂരിപക്ഷത്തിനും ഉള്ളത്. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും വേട്ടയാടാന്‍ സ്പീക്കറുടെ പരാമര്‍ശം കാരണമായതില്‍ കടുത്ത അതൃപ്തിയാണ് പാര്‍ട്ടിക്കുള്ളിലുള്ളത്.

സൈബര്‍ മേഖലയില്‍ രൂക്ഷമായ എതിര്‍പ്പാണ് ശ്രീരാമകൃഷ്ണന് നേരെ ഉയര്‍ന്നിരുന്നത്. ചുവപ്പ് നല്‍കിയ കരുത്ത് കൊണ്ടു മാത്രമാണ് താഴ്ത്താന്‍ ശിരസ്സുയര്‍ന്ന് നിന്നതെന്നായിരുന്നു ഓര്‍മ്മപ്പെടുത്തല്‍. സൈബര്‍ ആക്രമണം ശക്തമായതോടെ പരസ്യമായി പ്രതികരിച്ച് വീണ്ടും ശ്രീരാമകൃഷ്ണന്‍ രംഗത്ത് വരികയുണ്ടായി. എത്രമാത്രം സ്പീക്കറെ സഖാക്കളുടെ പ്രതികരണം അസ്വസ്ഥമാക്കിയെന്നതിന്റെ ഉദാഹരണമായിരുന്നു ആ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സൈബര്‍ സഖാക്കളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പോസ്റ്റ്.

സംഘടനയെ ആകെ വിമര്‍ശിച്ചു എന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് സൈബര്‍ ഗുണ്ടകള്‍ മുതലെടുത്തു എന്നാണ് ശ്രീരാമകൃഷ്ണന്റെ പുതിയ ആക്ഷേപം. എന്നാല്‍ സ്പീക്കറുടെ പ്രതികരണത്തിനെതിരെ രംഗത്ത് വന്നവര്‍ സജീവ സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരായതിനാല്‍ ഈ പ്രതികരണവും വിവാദമായിട്ടുണ്ട്. ബാലഗോപാല്‍ കാണിച്ച സംഘടനാ മര്യാദ ശ്രീരാമകൃഷ്ണന്‍ കാണിക്കണമായിരുന്നു എന്നാണ് പൊതുവികാരം.

സ്പീക്കര്‍ കസേരയില്‍ ശ്രീരാമകൃഷണന്‍ ഇരിക്കുന്നത് തന്നെ ചെങ്കൊടിയുടെ പിന്‍ബലത്തിലാണെന്ന് മറക്കരുതെന്നാണ് അണികളുടെ ഓര്‍മപ്പെടുത്തല്‍. എസ്.എഫ്.ഐയിലൂടെ നേതൃത്വത്തിലെത്തിയ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളും ഇപ്പോള്‍ വലിയ കലിപ്പിലാണ്. സംഘടനാ അച്ചടക്കം പാലിച്ച് ഒരു പ്രതികരണത്തിനും തല്‍ക്കാലം തുനിയുന്നില്ലെങ്കിലും കമ്മറ്റികളില്‍ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണവര്‍.

ഏതാനും ചില നേതാക്കള്‍ ചെയ്ത തെറ്റിന് എസ്.എഫ്.ഐയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ വിട്ടു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുന്‍ വിദ്യാര്‍ത്ഥി നേതാക്കളെല്ലാം. പ്രത്യക്ഷമായി കടന്നാക്രമിച്ചില്ലങ്കിലും ശ്രീരാമകൃഷ്ണന്‍ പ്രയോഗിച്ച വാക്ക് തിരിച്ച് പ്രയോഗിച്ച് ബാലഗോപാല്‍ നല്‍കിയ മറുപടി ഈ എതിര്‍പ്പിന്റെ ആഴം പ്രകടമാക്കുന്നതാണ്.

ശ്രീരാമകൃഷ്ണന്റെ മണ്ഡലമായ പൊന്നാനിയില്‍ പോലും സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പറയാനുള്ള അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ പറയാതെ പരസ്യമാക്കി വിവാദമാക്കിയതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

Political Reporter

Top