പാരിസിലെ റെയില്‍വേ സ്റ്റേഷനില്‍ കത്തിയും ചുറ്റികയും കൊണ്ട് ആക്രമണം

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലെ റെയില്‍വേ സ്റ്റേഷനില്‍ കത്തി കൊണ്ട് ആക്രമണം. നഗരത്തിലെ തിരക്കേറിയ ഗാരേ ദി ല്യോന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

കത്തിയും ചുറ്റികയും ഉപയോഗിച്ചാണ് പ്രതി അക്രമം നടത്തിയത്. അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇറ്റലിയില്‍ താമസമാക്കിയ ഇയാള്‍ മാലി പൗരനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്നും അത്തരം മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്. അക്രമത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടന്നത് ഭീകരാക്രമണമല്ല എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ആഭ്യന്തര ട്രെയിനുകളും സ്വീഡന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര ട്രെയിന്‍ സര്‍വ്വീസുകളും നടത്തുന്ന റെയില്‍വേ സ്റ്റേഷനാണ് ഗാരേ ദി ല്യോന്‍. പ്രതിവര്‍ഷം പത്ത് കോടി പേരാണ് ഫ്രാന്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ ഗാരേ ദി ല്യോന്‍ വഴി സഞ്ചരിക്കുന്നത്. സ്റ്റേഷനിലെ അക്രമം നടന്ന ഭാഗങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വ്വീസുകള്‍ വൈകി.

പാരിസ് ഒളിമ്പിക്‌സിന് ആറുമാസത്തില്‍ താഴെ മാത്രം ശേഷിക്കെയാണ് നഗരത്തില്‍ ഇത്തരമൊരു ആക്രമണം നടക്കുന്നത്. ഒളിമ്പിക്‌സിന് ഒന്നരക്കോടിയോളം പേര്‍ നഗരത്തില്‍ സന്ദര്‍ശകരായി എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
Top