kochi-al qaeda-death threat

കൊച്ചി: പ്രധാനമന്ത്രിയുള്‍പ്പടെയുള്ള പ്രമുഖരെ വധിക്കുമെന്നും കൊച്ചിയുള്‍പ്പടെ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ സ്‌ഫോടന പരമ്പര നടത്തുമെന്നും അല്‍ക്വയ്ദയുടെ ഭീഷണി.

അല്‍ക്വയ്ദയുടെ കേരളഘടകം എന്ന പേരില്‍ ബേസ് മൂവ്‌മെന്റാണ് കൊച്ചി സിറ്റി പൊലീസിന് ഭീഷണി സന്ദേശം അയച്ചിട്ടുള്ളത്. ഭീഷണിയെ തുടര്‍ന്ന് ജില്ലയിലെ തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി പൊലീസ് പറഞ്ഞു.

കൊച്ചി നേവല്‍ബേസ്, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിനിമാ തീയേറ്ററുകള്‍, മാളുകള്‍ എല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.

മലപ്പുറം കളക്ട്രേറ്റില്‍ സ്‌ഫോടനം നടന്ന ദിവസം തന്നെയാണ് കൊച്ചി സിറ്റി പൊലീസിന് വാട്‌സ്അപ്പില്‍ ഭീഷണി സന്ദേശമെത്തിയത്. എന്നാല്‍, സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും അന്വേഷണത്തിന്റെ ഭാഗമായും ഈ വിവരം പൊലീസ് പരസ്യപ്പെടുത്തിയിരുന്നില്ല.

സംഭവം കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

വ്യാജ മേല്‍വിലാസത്തില്‍ നിന്നാണ് വാട്‌സ്അപ്പ് സന്ദേശം എത്തിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വാട്‌സ്അപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.

കൊല്ലം, ചിറ്റൂര്‍, മൈസൂര്‍ അടുത്തത് ഏതെന്ന ചോദ്യ ചിഹ്നമിട്ടാണ് വാട്‌സ്അപ്പ് ഭീഷണി സന്ദേശം.

Top