രാജ്യത്തെ പത്തു അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും; ചിത്രങ്ങള്‍ എടുക്കുന്നതിന് നിയന്ത്രണം

കൊച്ചി: രാജ്യത്തെ പത്തു അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. കൊച്ചിയിൽ കുണ്ടന്നൂർ മുതൽ എം ജി റോഡ് വരെയുള്ള പ്രദേശത്തെയാണ് കേന്ദ്രം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

രാജ്യത്ത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം കണക്കാക്കുന്നത്. കൊച്ചിയിൽ നേവൽബേസും കൊച്ചി കപ്പൽശാലയും പ്രവർത്തിക്കുന്ന പ്രദേശത്തെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിന് പുറമേ മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിൽ രണ്ട് വീതവും തെലങ്കാന, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ ഒരെണ്ണം വീതവും അതീവ സുരക്ഷാ മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

അതീവ സുരക്ഷാ മേഖലയിൽ ദേശീയ സുരക്ഷാ നിയമവും ഔദ്യോഗിക രഹസ്യനിയമവും ബാധകമാണ്. ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന പ്രതിരോധ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ചിത്രം എടുക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. ചാരപ്രവൃത്തി അടക്കം തടയുന്നതിന്റെ ഭാഗമായി കൂടിയാണ് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയത്.

Top