കൊച്ചി: കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ സംഘാടകരുടെ സ്വകാര്യ അക്കൗണ്ടും പൊലീസ് പരിശോധിക്കും.
സ്പോണ്‍സര്‍ഷിപ്പ് തുക സംഘാടകര്‍ പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുക. സംഘാടകരായ ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും ബാങ്ക് അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്. ഫ്രീ പാസുകളുടെ പേരില്‍ ഏതെങ്കിലും തരത്തില്‍ ഫണ്ട് തട്ടിയിട്ടുണ്ടോ എന്നും പരിശോധിക്കും.
2019 നവംബര്‍ ഒന്നിനാണ് കൊച്ചി മ്യുസിക് ഫൗണ്ടേഷന് കരുണ സംഗീത നിശ സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ ഫണ്ടിലേക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്. എന്നാല്‍ പരിപാടി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിയില്ല. തുടര്‍ന്ന് പരിപാടി തട്ടിപ്പാണെന്ന ആരോപണം ശക്തമായതോടെ സംഘാടകര്‍ ആറ് ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയുമായിരുന്നു.