ഷംന കാസിം ബ്ലാക്ക്മെയില്‍ കേസ്; നടന്‍ ധര്‍മ്മജന്റെ മൊഴി രേഖപ്പെടുത്തും

കൊച്ചി: ഷംന കാസിം ബ്ലാക്ക്മെയില്‍ കേസില്‍ നടന്‍ ധര്‍മ്മജന്റെ മൊഴി രേഖപ്പെടുത്തും. ഇദ്ദേഹത്തോട് നേരിട്ട് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ധര്‍മ്മജനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധര്‍മ്മജന്‍ ഇന്ന് തന്നെ ഹാജരാകും.

അതിനിടെ കേസില്‍ മുഖ്യപ്രതിയും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ ഹാരിസ് പിടിയിലായി. ഇയാള്‍ തൃശ്ശൂര്‍ സ്വദേശിയാണ്. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്.

ഷംന കാസിമിന്റെ കേസില്‍ അടക്കം നിര്‍ണ്ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്. ഹാരിസിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്. എന്നാല്‍ ഇവരിലൊരാള്‍ക്ക് കോവിഡ് പോസിറ്റീവാണ്. ഈ സംഭവത്തില്‍ ഇതുവരെ ലൈംഗികാതിക്രമമോ, ബലാത്സംഗമോ നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി

ഷംനയുടെ കേസിന് പുറമേ ഏഴ് കേസുകളാണ് ഇതുവരെ പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍വിജയ് സാഖറെ പറഞ്ഞു. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഷംനയുടേതിന് സമാനമായ നാല് ചീറ്റിങ് കേസുകള്‍ കൂടിയുണ്ടെന്ന് മനസിലായെന്നും ഐജി പറഞ്ഞു.

ഹൈദരാബാദില്‍ സിനിമ ഷൂട്ടിങ്ങിലുള്ള ഷംന കാസിം ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുന്ന സാഹചര്യത്തില്‍ നാളെ ഷംന കാസിമിന്റെ മൊഴി ഓണ്‍ലൈനായി പൊലീസ് രേഖപ്പെടുത്തും. അതിന് ശേഷമാകും തുടരന്വേഷണം. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. മൂന്ന് പ്രതികളെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വൈകാതെ ഇവരെ കസ്റ്റഡിയില്‍ വാങ്ങും. പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. റിസപ്ഷനിസ്റ്റുകളും ഇവന്റ് മാനേജ്മെന്റ് ജീവനക്കാരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കൊച്ചി ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു.

Top