കൊച്ചി മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതിനെതിരെ കേസ്

കൊച്ചി: മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതിനെതിരെ കേസ്. വാഴക്കാല സ്വദേശിനിയായി യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്. തൃക്കാക്കര പൊലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമം മൂലം നിരോധിക്കപ്പെട്ട മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തി എന്നാണ് കേസ്. മുത്തലാഖ് നിയമപ്രകാരം കൊച്ചി സിറ്റി പരിധിയിലെടുക്കുന്ന ആദ്യ കേസാണിത്.

മുത്തലാഖ് നിയമം മൂലം നിരോധിക്കപ്പെട്ട ശേഷവും വിദേശത്തുള്ള ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്നും മാനസികമായി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുവതിയുടെ പരാതി. ഭര്‍തൃവീട്ടുകാരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് യുവതിയുടെ ഭര്‍ത്താവിനെതിരെയും ഭര്‍തൃമാതാവിനെതിരെയും കേസെടുത്തിരിക്കുന്നത്. യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭര്‍ത്താവിനെതിരെയും ഭര്‍തൃമാതാവിനെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകളും മുത്തലാഖ് നിരോധന നിയമത്തിലെ വകുപ്പുകള്‍ക്കൊപ്പം ചുമത്തിയിട്ടുണ്ട്. 2019 ആഗസ്റ്റ് ഒന്നിനാണ് രാജ്യത്ത് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയിരുന്നത്.

Top