കൊച്ചി: പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം വെട്ടിത്തറ മോര് മിഖായേല്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ പൊലീസ് എത്തി. എന്നാല്‍ ഹൈക്കോടതിയില്‍ നല്കിയ അപ്പീല്‍ ഇന്ന് പരിഗണിക്കുമെന്നും അതുവരെ പൊലീസ് നടപടി ഉണ്ടാകരുതെന്നുമാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. അതിനാല്‍ യാക്കോബായ വിഭാഗം പള്ളിയടച്ച് പ്രതിഷേധിക്കുകയാണ്.
സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗം പലതവണ പള്ളിയില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അത് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം എറണാകുളം ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.
പള്ളിയുടെ താക്കോല്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് കോടതി വിധിയെ തുടര്‍ന്ന് ഇന്നുതന്നെ പള്ളിപൂട്ടി താക്കോല്‍ കോടതിക്ക് കൈമാറാനാണ് പൊലീസിന്റെ തീരുമാനം.