കൊച്ചിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്‌ലാറ്റില്‍ തീപിടിത്തം; ഒരാള്‍ വെന്ത് മരിച്ചു

കൊച്ചി: പിണര്‍മുണ്ടയില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ലാറ്റില്‍ തീപിടിച്ച് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസം സ്വദേശി മുജീബ് റഹ്മാനാണ് (20) മരിച്ചത്. പരുക്കേറ്റ അസം സ്വദേശി റഷീദുല്‍ ഇസ്ലാമിനെയാണ് (19) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈകിട്ട് ആറിനാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. 15 നില ഫ്‌ലാറ്റിന്റെ ആറാമത്തെ നിലയിലായിരുന്നു അപകടം. മുറിയില്‍ കൂട്ടിയിട്ടിരുന്ന പിവിസി പൈപ്പുകള്‍, കടലാസ് എന്നിവയ്ക്കാണു തീപിടിച്ചതെന്ന് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ പറഞ്ഞു. പട്ടിമറ്റം, തൃക്കാക്കര എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തി 7.30ന് തീയണച്ച് ഫ്‌ലാറ്റില്‍ നിന്നു മടങ്ങി.

തീ മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരുന്നതു വലിയ ദുരന്തം ഒഴിവാക്കി. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ ഒരാളുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഫ്‌ലാറ്റിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് രാത്രി 8.30ന് മരിച്ച വിവരം അറിയുന്നത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

Top