ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ഇനി ഭക്ഷണമില്ല;ഡെലിവറി ആപ്പുകള്‍ ബഹിഷ്‌കരിച്ച് ഹോട്ടല്‍ ഉടമകള്‍

കൊച്ചി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളെ ബഹിഷ്‌കരിക്കുമെന്ന് കൊച്ചിയിലെ ഹോട്ടല്‍ ഉടമകളുടെ സംഘടന. വരുന്ന ശനിയാഴ്ച മുതലാണ് ആപ്പുകളെ ബഹിഷ്‌കരിക്കുക. ഹോട്ടല്‍ മെനുവിലെ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുകയും, ആപ്പുകള്‍ക്കുള്ള കമ്മീഷനില്‍ ഇളവ് നല്‍കിയാല്‍ മാത്രമെ ഇനി സഹകരിക്കൂ എന്നാണ് നിലപാട്. സംഘടനയുടെ നേതൃത്വത്തില്‍ പുതിയൊരു ആപ്പ് രൂപീകരിക്കാനാണ് ഹോട്ടല്‍ ഉടമകളുടെ തീരുമാനം.

കൊച്ചി നഗരത്തില്‍ പ്രതിദിനം 25,000 പേര്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഭക്ഷണം വീടുകളിലേക്ക് എത്തിക്കുന്നു എന്നാണ് കണക്ക്. 40 മുതല്‍ 50 ലക്ഷം രൂപ വരെയുള്ള കച്ചവടമാണ് ഓണ്‍ലൈന്‍ ശൃംഖലയുമായി ബന്ധിപ്പിച്ച 200 ഹോട്ടലുകളില്‍ നടക്കുന്നത്. ഹോട്ടലുകളില്‍ നിന്ന് 30 ശതമാനം വരെയാണ് ഓണ്‍ലൈന്‍ ആപ്പുകള്‍ കമ്മീഷന്‍ ഈടാക്കുന്നത്. ഇത് സഹിച്ച് ഹോട്ടല്‍ വ്യവസായം മുന്നോട്ട് പോകില്ലെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റന്‍ന്‍ഡ് അസ്സോസിയേഷന്‍ പറയുന്നു.

ഊബര്‍ ഊറ്റ്‌സ്, സ്വിഗ്ഗി, സൊമാറ്റോ എന്നീ കമ്പനികളാണ് കൊച്ചിയില്‍ വിതരണത്തിനായി രംഗത്തുള്ളത്. മുഴുവന്‍ സമയവും, പാര്‍ട്ട് ടൈമായും ഇതില്‍ ജോലിയെടുക്കുന്ന നൂറുക്കണക്കിന് പേരെ പുതിയ നീക്കം പ്രതികൂലമായി ബാധിക്കും.

Top