കൊച്ചി : വികസകുതിപ്പിന് ആക്കം കൂട്ടാന്‍ പുതുതായി ഏഴ് പദ്ധതികള്‍ക്ക് തുടക്കമിടുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്. രാജ്യത്തെ ഏറ്റവും വലിയ എയറോ ലോഞ്ച്, ടെര്‍മിനല്‍ വികസനം, ഡിജിയാത്ര അടക്കം വിവിധ മേഖലകളുമായി ബന്ധപ്പെട്ടാണ് പദ്ധതികള്‍. ഒക്ടോബര്‍ രണ്ടാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതികള്‍ക്ക് തറക്കല്ലിടും.
ഗാന്ധി ജയന്തി ദിനം ഒരൊറ്റ ദിവസത്തിലാണ് ഏഴ് വികസനപദ്ധതികള്‍ക്ക് സിയാല്‍ തുടക്കംകുറിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലും കാര്‍ഗോയിലും വലിയ വളര്‍ച്ചയാണ് സിയാല്‍ കൈവരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ടാണ് പദ്ധതികള്‍. 8 പുതിയ എയ്റോബ്രിഡ്ജുകള്‍ ഉള്‍പ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ രാജ്യാന്തര ടെര്‍മിനല്‍ വികസിപ്പിക്കും. ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനലാണ് മറ്റൊരു പദ്ധതി. സിയാലിന്റെ പ്രതിവര്‍ഷ കാര്‍ഗോ 2 ലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ ഏറ്റവും വലിയ എയറോലോഞ്ച് നിര്‍മ്മിക്കാനും സിയാല്‍ ഒരുങ്ങുന്നു. 42 ആഡംബര ഗസ്റ്റ് റൂമുകള്‍, റസ്റ്റൊറന്റ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള പുതിയ ലോഞ്ചിന്റെ ഭാഗമാകും.ഡിപാര്‍ച്ചര്‍ നടപടികളിലെ സമയനഷ്ടം കുറക്കാന്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിയാത്ര സോഫ്ട്വെയറും രൂപകല്‍പന ചെയ്യും. ആഭ്യന്തര ടെര്‍മിനലില്‍ 22 ഗേറ്റുകളില്‍ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കും.
വിമാനത്താവളത്തിലെ അഗ്‌നിശമന സംവിധാനത്തെ എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് എന്ന നിലയിലേയ്ക്ക് ആധുനികമാക്കും. ഓസ്ട്രിയന്‍ നിര്‍മിത രണ്ട് ഫയര്‍ എന്‍ജിനുകള്‍ കൂട്ടിച്ചേര്‍ത്തു. സിയാല്‍ ഗോള്‍ഫ് കോഴ്സുമായി ബന്ധപ്പെട്ട് റിസോര്‍ട്ടുകള്‍, വാട്ടര്‍ഫ്രണ്ട് കോട്ടേജുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, സ്പോര്‍ട്സ് സെന്റര്‍ എന്നിവയും നിര്‍മിക്കും.