കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിന്മേലുള്ള പ്രാഥമിക വാദം ഈ മാസം 22 ന് തുടങ്ങും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിച്ചിരുന്നു.
ഇതിനെതിരെ പ്രോസിക്യൂഷന്‍ കഴിഞ്ഞ ആഴ്ച തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ നാലു തവണ കേസ് കോടതി പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല. എന്നാല്‍ ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയാല്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് ഫ്രാങ്കോയുടെ അഭിഭാഷകരുടെ തീരുമാനം. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2018 സെപ്റ്റംബര്‍ 21 നാണ് ജലന്ധര്‍ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാകുന്നത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 നഴ്സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്.മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതില്‍ 5 മുതല്‍ 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്.