കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസ് ആഗസ്റ്റ് 18 മുതല്‍

കൊച്ചി: കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഓഗസ്റ്റ് 18-ന് കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഹീത്രു-ലണ്ടന്‍-ഹീത്രൂ പ്രതിവാര സര്‍വീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനം പറക്കുന്നത്. യൂറോപ്പിലേയ്ക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിയാല്‍ പാര്‍ക്കിങ്, ലാന്‍ഡിങ് ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയെ റെഡ് പട്ടികയില്‍ നിന്ന് ആമ്പര്‍ പട്ടികയിലേയ്ക്ക് ബ്രിട്ടന്‍ മാറ്റിയതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്ര സുഗമമാകുന്നത്. ഈ തീരുമാനം വന്ന ഉടന്‍ തന്നെ കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യയും സിയാലും യോജിച്ച് പരിശ്രമിക്കുകയായിരുന്നു.

കേരളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് സര്‍വീസുള്ള ഏക വിമാനത്താവളമാണ് കൊച്ചി. ഡ്രീംലൈനര്‍ ശ്രേണിയിലുള്ള വിമാനമാണ് എയര്‍ എന്ത്യ ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസിന് ഉപയോഗിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 03.45-ന് കൊച്ചിയിലെത്തുന്ന വിമാനം 05.50-ന് ഹീത്രൂവിലേയ്ക്ക് മടങ്ങും.

 

Top