രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ അവഗണിച്ചുവെന്ന പരാതിയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍

soumini

കൊച്ചി : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നടന്ന പരിപാടികളില്‍ നിന്ന് തന്നെ അവഗണിച്ചുവെന്ന പരാതിയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്ര അയയ്ക്കാനും തന്നെ ക്ഷണിച്ചിരുന്നില്ല. രാഷ്ട്രപതിയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ പോലും മേയറുടെ ഓഫീസിനെ അറിയിച്ചില്ലെന്നും മേയര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടാക്കാട്ടി രാഷ്ട്രപതി ഭവനിലേക്ക് കത്തയച്ചതായും മേയര്‍ വ്യക്തമാക്കി.

രാഷ്ട്രപതിക്ക് കൊച്ചിയുടെ ആദരം അറിയിക്കാന്‍ അവസരം നല്‍കിയില്ലെന്നും ഇക്കാര്യത്തില്‍ വിഷമമുണ്ടെന്നും മേയര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

നിയമസഭ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി ഉദ്ഘാടനം ചെയ്ത ശേഷം തിങ്കളാഴ്ച വൈകിട്ട് 5.30ന് പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി കൊച്ചിയിലേക്ക് തിരിച്ചത്. വൈകിട്ട് 6.10ന് കൊച്ചി ഐ. എന്‍. എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനിലെത്തിയ അദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസിലാണ് തങ്ങുന്നത്. 7ന് രാവിലെ 9 ന് ബോള്‍ഗാട്ടി പാലസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മറ്റു ജഡ്ജിമാര്‍ എന്നിവരുമായി രാഷ്ട്രപതി പ്രാതല്‍ കൂടിക്കാഴ്ച നടത്തും.

9.45ന് ഹെലിക്കോപ്റ്ററില്‍ തൃശൂരിലേക്ക് പോകും. കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ ഇറങ്ങി റോഡു മാര്‍ഗം തൃശൂര്‍ സെന്റ് തോമസ് കോളേജിലെത്തും. രാവിലെ 11ന് കോളേജിന്റെ സെന്റിനറി ആഘോഷം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 11.50ന് ഹെലിക്കോപ്റ്റര്‍ മാഗ്ഗം ഗുരുവായൂരിലേക്കുപോകും. 12.10ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മൈതാനത്തിറങ്ങി ഗുരുവായൂര്‍ ദേവസ്വം ഗസ്റ്റ് ഹൗസിലെത്തും. ഗുരുവായൂര്‍, മമ്മിയൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം തിരികെ കൊച്ചിയിലെത്തി 2.45ന് കോവിന്ദ് ഡല്‍ഹിക്ക് മടങ്ങും. എന്നാല്‍ ഈ പരിപാടികളിലൊന്നും തന്നെ ക്ഷണിച്ചിട്ടില്ലെന്നാണ് മേയറുടെ പരാതി.

Top