കൊച്ചി : കൊച്ചി മേയറെ മാറ്റണമെന്ന് ആവര്‍ത്തിച്ച് എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. നഗരസഭയിലെ സാഹചര്യം ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്തു. ജില്ലാ നേതൃത്വത്തിന്റെ വികാരം കെ.പി.സി.സി പ്രസിഡന്റിനെ അറിയിക്കും. നഗരസഭയിെല മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്താനും തീരുമാനമായി.
കൊച്ചി കോര്‍പറേഷനില്‍ കുറെ മാറ്റങ്ങളുണ്ടാകും. അത് ഏതൊക്കെ തരത്തിലാണ് എങ്ങനെയാണ് എന്നതൊക്ക ഘടകകക്ഷികളുമായി ചര്‍ച്ചചെയ്തു. ഇക്കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റിനെ അറിയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
എന്നാല്‍ മേയര്‍ സ്ഥാനം രാജിവെക്കില്ലെന്നാണ് സൗമിനി ജെയിന്റെ നിലപാട്. എ ഗ്രൂപ്പ് പ്രതിനിധിയാണ് സൗമിനി ജെയിന്‍. മേയറെ പിന്തുണയ്ക്കുന്ന നിലപാട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വീകരിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിലെ അതിതീവ്ര മഴ കൊച്ചി നഗരത്തെ വെള്ളക്കെട്ടില്‍ മുക്കിയതിന് പിന്നാലെയാണ് മേയര്‍ക്കെതിരായ പടയൊരുക്കം സജീവമായത്. മേയര്‍ പരാജയമാണെന്ന് തുറന്നടിച്ച ഹൈബി ഈഡന്‍ എംപി പരസ്യ പോരിന് തുടക്കമിട്ടു. പിന്നാലെ സൗമിനി ജെയിന്‍ ഹൈബി ഈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഡൊമിനിക് പ്രസന്റേഷന്‍, എന്‍ വേണുഗോപാല്‍ തുടങ്ങിയ ജില്ലയിലെ മുതിര്‍ന്ന നേതാക്കളും മേയറെ പരസ്യമായി തള്ളിയിരുന്നു.