ഡിസിസിക്ക് വന്‍ തിരിച്ചടി;മേയറെ മാറ്റാനുള്ള നിര്‍ദേശം തള്ളി സ്റ്റാന്‍ഡിംഗ് കമ്മിറ്റി

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയ്‌നിനെ നീക്കാനുള്ള ഡിസിസിയുടെ ശ്രമത്തിന് തിരിച്ചടി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം ഒഴിയണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം കെ.വി.പി കൃഷ്ണകുമാര്‍ , എ.ബി സാബു, ഗ്രേസി ജോസഫ് എന്നീ മൂന്ന് കൗണ്‍സിലര്‍മാരാണ് തള്ളിയത്. മേയറെ മാറ്റാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടായിരുന്നു സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്.

നാല് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യു പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് നഗരവികസന കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചു.

ഐ ഗ്രൂപ്പുകാരനായ കൃഷ്ണകുമാര്‍ മേയര്‍ മാറണമെന്ന നിലപാടിലാണെങ്കിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ താല്പര്യപ്പെടുന്നില്ല. കൃഷ്ണകുമാറിനെ അനുനയിപ്പിക്കാന്‍ ഐ ഗ്രൂപ്പ് സജീവ ശ്രമത്തിലാണ്. മേയറെ അനുകൂലിക്കുന്നയാളാണ് എ.ബി. സാബു.

മേയറുടെ കാര്യത്തിലുള്‍പ്പെടെ രണ്ടരവര്‍ഷമെന്ന ഈ ധാരണ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുകയാണ് രാജി ആവശ്യത്തിലൂടെ ജില്ലാ നേതൃത്വത്തിന്റെ ലക്ഷ്യം. എറണാകുളം ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് സൗമിനി ജെയ്‌നിനെ നീക്കാനുള്ള എ,ഐ നേതാക്കളുടെ ശ്രമം സജീവമായത്.

തീരുമാനം എടുക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി. ഒരു മാസം ആകാറായിട്ടും തീരുമാനം വരാത്ത സാഹചര്യത്തിലാണ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ ജില്ലാ നേതൃത്വത്തിന്റെ ഈ സമ്മര്‍ദ്ദതന്ത്രം.

Top