Kochi metro coach completed

കൊച്ചി: കൊച്ചിക്ക് പുതുവത്സര സമ്മാനമായി മെട്രോ കോച്ചുകള്‍ കൈമാറും. ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയില്‍ നാളെ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു കോച്ചുകള്‍ കേരളത്തിന് കൈമാറും. മന്ത്രി ആര്യാടന്‍ മുഹമ്മദ് കേരളത്തിനായി ട്രെയിനിന്റെ താക്കോല്‍ ഏറ്റുവാങ്ങും.

ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ആധുനികമായതാണ് കൊച്ചി മെട്രോ കോച്ചുകള്‍.

ഇവയുടെ നിര്‍മാണം കഴിഞ്ഞ മാര്‍ച്ച് 21 നാണ് ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയില്‍ തുടങ്ങിയത്. ഒന്‍പത് മാസത്തിനുള്ളില്‍ കോച്ചുകള്‍ കൈമാറുന്നുവെന്നതും പ്രത്യേകതയാണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ഇന്ത്യയില്‍ കോച്ച് നിര്‍മാണം തുടങ്ങിയത്. തദ്ദേശീയമായ നിര്‍മാണ സാമഗ്രികളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഇവിടെ ലഭ്യമല്ലാത്തവ മാത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും.

വലിയ ട്രെയിലറുകളിലാണ് റോഡ്മാര്‍ഗം കോച്ചുകള്‍ െകാച്ചിയിലേക്ക് കൊണ്ടുവരുന്നത്. ഒരു ട്രെയിലറില്‍ ഒരു കോച്ച് മാത്രമാണ് കയറ്റുക. ഒരു ട്രെയിനിന് ആവശ്യമായ മൂന്ന് കോച്ചുകളാണ് ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്നത്. ശ്രീസിറ്റിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ഒന്നിനു പുറകേ ഒന്നായി മൂന്ന് ട്രെയിലറുകളുണ്ടാകും.

കുരുക്ക് ഒഴിവാക്കുന്നതിനായി രാത്രിസമയത്തായിരിക്കും ഇവയുടെ യാത്ര. 10 ദിവസംകൊണ്ടാണ് കോച്ചുകള്‍ കൊച്ചിയില്‍ മുട്ടത്തുള്ള യാര്‍ഡിലെത്തുക. കോച്ചുകള്‍ പരസ്പരം കൂട്ടിയോജിപ്പിക്കുന്നതും നിര്‍ദേശ സൂചകങ്ങള്‍ ഒട്ടിക്കുന്നതുമെല്ലാം മുട്ടത്തെ യാര്‍ഡിലായിരിക്കും. ഡിസ്‌പ്ലേ അടക്കമുള്ള സംവിധാനങ്ങളും ഇവിടെ പ്രവര്‍ത്തനസജ്ജമാക്കും.

Top