കൊച്ചി : കൊച്ചി മെട്രോ ട്രെയിനിൽ യാത്രാനിരക്ക് കുറച്ചു. കൂടിയ നിരക്കായ 60 രൂപയിൽ നിന്നും 50 രൂപയായാണ് കുറച്ചത്. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് പത്ത് ശതമാനം കൂടി ഇളവും ലഭിക്കും.
ഈ മാസം ഏഴു മുതലാണ് കൊച്ചി മെട്രോ സർവീസ് ആരംഭിക്കുന്നത് . കോവിഡിന്റെ പശ്ചാത്തലത്തിൽ സർവിസുകളെല്ലാം തന്നെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. എല്ലാത്തരത്തിലുമുള്ള കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും സർവീസ് നടത്തുക. സീറ്റുകളിൽ സാമൂഹിക അകലം പാലിച്ച് യാത്രക്കാർക്ക് ഇരിക്കാനുള്ള നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷയും ആവശ്യവും പരിഗണിച്ചുള്ള സേവനമാണ് മെട്രോ പരിഗണിക്കുന്നതെന്ന് കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. ഏഴ്, എട്ട് തീയതികളിൽ മെട്രോയ്ക്ക് ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെ സർവീസ് ഉണ്ടായിരിക്കില്ല. ഈ ദിവസങ്ങളിൽ രാത്രി എട്ടോടെ സർവീസ് അവസാനിപ്പിക്കാനാണ് തീരുമാനം. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചായിരിക്കും തുടർ ദിവസങ്ങളിൽ സർവീസുകൾ. തിങ്കളാഴ്ച മൂന്നാം റീച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പേട്ട സ്റ്റേഷൻ മാത്രം ഉൾപ്പെടുന്നതാണ് മൂന്നാം റീച്ച്.