തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, മെട്രോ ഉപദേഷ്ടാവ് ഇ ശ്രീധരനും ഉണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഇതു സംബന്ധമായ തീരുമാനം അറിയിച്ചതെന്നും, ഉദ്ഘാടന വേദിയില്‍ പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് തയാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പട്ടിക ഔദ്യോഗികമായി കിട്ടിയോ എന്ന് പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്, ആദ്യ ലിസ്റ്റാണ് നേരത്തെ അയച്ചത്. ഇന്നാണ് അന്തിമപട്ടിക പൂര്‍ത്തിയാക്കി അയച്ചതെന്നും കുമ്മനം അറിയിച്ചു.
ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവിനേയും, സ്ഥലം എം.എല്‍.എ പി ടി തോമസിനേയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ വി തോമസ് എം പി, പി ടി തോമസ് എം എല്‍ എ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഏലിയാസ് ജോര്‍ജ് എന്നിവരെയാണ് മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്നും ഒഴിവാക്കിയിരുന്നത്.