കൊച്ചി: കൊച്ചി മെട്രോ സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ എംജി റോഡിലെ പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ നിന്ന് ജില്ലാ ഭരണകൂടം ഏറ്റെടുത്ത സ്ഥലത്തിന് ഉയര്‍ന്ന വല നല്‍കിയതിനെതിരെ കെഎംആര്‍എല്‍ രംഗത്ത്.
സ്ഥലവിലയുടെ കാര്യത്തില്‍ രണ്ടു നീതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇതാദ്യമായാണ് കെഎംആര്‍എല്‍ ഔദ്യോഗികമായി പ്രതികരിക്കുന്നത്.
പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന വില നല്‍കിയാണ് കൊച്ചി മെട്രോക്കായി സ്ഥലം ഏറ്റെടുത്തതെന്ന് രണ്ടാഴ്ച മുമ്പ് ആരോപണം ഉയര്‍ന്നിരുന്നു. മെട്രോയ്ക്കായി സ്ഥലം വിട്ടു നല്‍കിയ ഭൂവുടമകള്‍ക്കെല്ലാം വാഗ്ദാനം ചെയ്തതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് ജില്ലാ ഭരണകൂടം വസ്ത്ര വ്യാപാര സ്ഥാപനത്തിന് വാഗ്ദാനം ചെയ്തത്. സ്ഥലമേറ്റെടുക്കല്‍ കരാറിലെ ചില വ്യവസ്ഥകളും വിവാദമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ജില്ലാ കലക്ടറുടെ നടപടിയിലുളള അതൃപ്തി കെഎംആര്‍എല്‍ എംഡി പരസ്യമായി പ്രകടിപ്പിച്ചത്.
മെട്രോയുടെ വിവിധ നിര്‍മാണ ഘട്ടങ്ങളില്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് അനുകൂല സമീപനമുണ്ടായില്ലെന്ന ആക്ഷേപം നേരത്തെ തന്നെ കെഎംആര്‍എലിനുണ്ട്. ഇതിനു പിന്നാലെയാണ് സ്ഥലമേറ്റെടുപ്പിലെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നത്.