കൊച്ചി: ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനുകള്‍ അണുവിമുക്തമാക്കിയും ഡിജിറ്റല്‍ തെര്‍മോ സ്‌കാനിംഗ് ക്യാമറകള്‍ സ്ഥാപിച്ചും കൊവിഡ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ കൊച്ചി മെട്രോ സജ്ജമാകുന്നു. മാര്‍ച്ച് 20ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് കൊച്ചി മെട്രോ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സര്‍വ്വീസ് പുനരാരംഭിച്ചാല്‍ യാത്രക്കാര്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്.
സര്‍വീസിനു മുന്നോടിയായി ട്രെയിനുകളുടെ എയര്‍ കണ്ടീഷന്‍ നാളങ്ങള്‍, ട്രെയിന്‍ സീറ്റുകള്‍, ലോഹ പ്രതലങ്ങള്‍ 70% ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ ഉപയോഗിച്ചും വൃത്തിയാക്കും. ഓരോ റൗണ്ട് ട്രിപ്പിനും ശേഷവും ഹൈപ്പോ ക്ലോറിന്‍ അധിഷ്ഠിത അണുനാശിനി തളിച്ച് ട്രെയിനുകള്‍ അണുവിമുക്തമാക്കും. പ്രധാന സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മോ ക്യാമറകളും മറ്റ് സ്റ്റേഷനുകളില്‍ മാനുവല്‍ തെര്‍മോ സ്‌കാനറുകളും സ്ഥാപിക്കും. എഫ്‌സി ഗേറ്റുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍, ഹാന്‍ട്രെയ്ല്‍സ്, എസ്‌കലേറ്ററുകള്‍, ലിഫ്റ്റ് ബട്ടണുകള്‍, പ്ലാറ്റ്‌ഫോം കസേരകള്‍ തുടങ്ങി സ്റ്റേഷനുകളുടെ മുക്കും മൂലയും ദിവസേന അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കും.
എയര്‍ കണ്ടീഷണറുകളുടെ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ലോക്ക്ഡൗണ്‍ കാലയളവില്‍ ട്രെയിനുകളും സ്റ്റേഷനുകളും ഇടയ്ക്കിടെ കൊച്ചി മെട്രോ വൃത്തിയാക്കിയിരുന്നു. രോഗലക്ഷണം കാണിക്കുന്ന വ്യക്തികളെ വൈദ്യസഹായത്തിനായി ജില്ലാ കൊറോണ നിയന്ത്രണ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യും. ഇയാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കും. ജീവനക്കാരെയടക്കം താപപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമായിരിക്കും പ്രതിരോധം.