Kochi-metro-run-november 1st

തിരുവനന്തപുരം: യാത്രക്കാരെ കയറ്റിയുള്ള കൊച്ചി മെട്രോയുടെ കന്നി യാത്ര നവംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ഇ.ശ്രീധരന്‍.

ആലുവയില്‍നിന്ന് പാലാരിവട്ടംവരെയാകും സര്‍വീസ്. മഹാരാജാസ് ഗ്രൗണ്ട് വരെ സര്‍വീസ് നടത്തുന്നതിനാണ് ശ്രമമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. ഇന്ന് കളമശേരി വരെ ട്രയല്‍ റണ്‍ നടക്കുന്നുണ്ട്. മാര്‍ച്ച് 15ന് ലുലുവരെയുള്ള ട്രയല്‍ റണ്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതു സര്‍ക്കാര്‍ വന്നാലും തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. ലൈറ്റ് മെട്രോ പദ്ധതിക്കായി 4,733 കോടിരൂപയുടെ വായ്പ ജപ്പാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജൈക്കയില്‍നിന്ന് എടുക്കണമെന്ന അഭിപ്രായം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അടുത്തമാസം നാലിന് കോഴിക്കോട്ടും ഒന്‍പതിന് തിരുവനന്തപുരത്തും നടക്കും. രാജ്യത്തെ ആദ്യ ലൈറ്റ് മെട്രോ പദ്ധതിയായതിനാല്‍ സഹകരിക്കാന്‍ ഡിഎംആര്‍സിക്ക് പ്രത്യേക താല്‍പര്യമുണ്ടെന്നും ഇ.ശ്രീധരന്‍ അറിയിച്ചു.

Top