കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; ഇന്നത്തെ യാത്രകള്‍ സൗജന്യം

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിച്ചു. മുട്ടം യാര്‍ഡ് വെള്ളത്തില്‍ മുങ്ങിയതോടെ നിര്‍ത്തിവെച്ച മെട്രോ സര്‍വീസുകളാണ് ഇന്ന് വൈകീട്ട് നാലു മണിയോടെ പുനഃരാരംഭിച്ചത്. കൊച്ചി മെട്രോയുടെ എല്ലാ മാര്‍ഗങ്ങളും റെസ്‌ക്യൂ മിഷനെ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. അതിനാല്‍ ഇന്നത്തെ സര്‍വീസുകള്‍ സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് മുട്ടം യാര്‍ഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയത്. കൊച്ചി മെട്രോയുടെ കമ്പനിപ്പടിയിലെ സ്റ്റേഷനിലും വെള്ളം കയറിയിരുന്നു. ഇതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

അതേസമയം, ആലുവയും പ്രളയക്കെടുതിയില്‍ മുങ്ങിയിരിക്കുകയാണ്. മുപ്പത്തി അയ്യായിരത്തില്‍ അധികം ആളുകളാണ് എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. പറവൂരിലും ആലുവയിലുമാണ് ഏറ്റവുമധികം ആളുകള്‍ ദുരിതം അനുഭവിക്കുന്നത്. ഫ്‌ളാറ്റുകളില്‍ വെള്ളം കയറില്ലെന്ന് കരുതിയിരുന്നെങ്കിലും നദിതീരത്തുള്ള മിക്ക ഫ്‌ളാറ്റുകളിലും വെള്ളം കയറി. ആലുവയിലെ ഇടറോഡുകളിലടക്കം വെള്ളം കയറുകയാണ്.

Top