കൊച്ചി: മെട്രോ റെയിൽ ബുധനാഴ്ച മുതൽ സർവീസ് ട്രയൽ ആരംഭിക്കും. സുരക്ഷാ കമ്മീഷണറുടെ(സിഎംആർഎസ്) അന്തിമാനുമതിയും ലഭിച്ച പശ്ചാത്തലത്തിൽ സമയപ്പട്ടിക തയാറാക്കിയാണ് കൊച്ചി മെട്രോയുടെ സർവീസ് ട്രയൽ ആരംഭിക്കുന്നത്.
വാണിജ്യ സർവീസിന്റെ അതേ ക്രമത്തിൽ സമയപ്പട്ടിക തയാറാക്കി മെട്രോയുടെ സംവിധാനങ്ങളെല്ലാം ഏർപ്പെടുത്തിയും ഓരോ സ്റ്റേഷനുകളിലും നിർത്തേണ്ട സമയമടക്കം പാലിച്ചുമായിരിക്കും സർവീസ് ട്രയൽ.
ആദ്യദിനമായ ബുധനാഴ്ച നാലു ട്രെയിനുകൾ ഉപയോഗിച്ചാണു സർവീസ് ട്രയൽ നടത്തുന്നതെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച മുതൽ അത് ആറു ട്രെയിൻ വീതമാക്കും.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ആത്മവിശ്വാസം ലഭിക്കുന്ന അത്രയും കാലം ഈ സർവീസ് ട്രയലുകൾ തുടരും. ഏറ്റവും കുറഞ്ഞത് ഒരാഴ്ച മുതൽ പത്തു ദിവസം വരെ സർവീസ് ട്രയലുകൾ നടത്തേണ്ടിവരുമെന്നും അധികൃതർ പറഞ്ഞു.