കേരളത്തിന് സ്വപ്‌നസാഫല്യം, കൊച്ചി മെട്രോ ഇന്ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും . .

കൊച്ചി: ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകാനൊരുങ്ങി കേരളം. നീണ്ട നാളത്തെ സ്വപ്‌നമാണ് ഇന്ന് സഫലമാകുന്നത്. സംസ്ഥാനത്തെ ആദ്യ മെട്രോയുടെ ഉദ്ഘാടനം രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.

കലൂര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് റോഡ് മാര്‍ഗം മെട്രോ ഉദ്ഘാടനവേദിയിലേക്ക് യാത്ര തിരിക്കും.

10.35ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് പത്തടിപ്പാലത്തേയ്ക്കും തിരിച്ചും മെട്രോയില്‍ യാത്രചെയ്യുന്ന പ്രധാനമന്ത്രി പിന്നീട് ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്കെത്തും.

ഇതിനുശേഷം 11 മണിയോടെ കലൂരിലെ വേദിയിലെത്തുന്ന പ്രധാനമന്ത്രി സ്വിച്ച് ഓണ്‍ ചെയ്ത് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രരാജീവ് ഗൗബെ, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ പങ്കാളികളാകും.

ശനിയാഴ്ച ഉദ്ഘാടനം ചെയ്യുമെങ്കിലും യാത്രാ സര്‍വ്വീസുകള്‍ തിങ്കളാഴ്ച മുതലേ ആരംഭിക്കുകയുള്ളൂ. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിശിഷ്ടാതിഥികള്‍ക്കായി യാത്ര സംഘടിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ചയും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് തന്നെയാണ് യാത്ര ചെയ്യാനാകുക. സ്‌നേഹ യാത്ര എന്നപേരില്‍ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ യാത്രകളില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വൃദ്ധസദനങ്ങളിലെ അന്തേവാസികളുമെല്ലാം സന്നിഹിതരാകും.

Top