കൊച്ചി: സ്ഥിരം യാത്രക്കാര്‍ക്കു നിരക്കില്‍ ഇളവു നല്‍കാന്‍ നീക്കവുമായി കൊച്ചി മെട്രോ.
കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്കും സീസണ്‍ ടിക്കറ്റുകാര്‍ക്കും ടിക്കറ്റ് നിരക്കില്‍ 40 ശതമാനം ഇളവ് നല്‍കാനാണു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ(കെഎംആര്‍എല്‍) ശ്രമം.
മെട്രോ നിരക്ക് മൊത്തത്തില്‍ കുറയ്ക്കാനും ആലോചനയുള്ളതായി സൂചനയുണ്ട്. മഹാരാജാസ് ഗ്രൗണ്ടിലേക്കു മെട്രോ ഓടിത്തുടങ്ങുന്നതോടെ ഇളവും നിലവില്‍ വരും.
മെട്രോ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ യാത്രക്കാരെ പിടിച്ചുനിര്‍ത്താനും പുതിയ യാത്രക്കാരെ ആകര്‍ഷിക്കാനുമാണു നിരക്കില്‍ ഇളവു വരുത്തുന്നത്. നിലവില്‍ 13 കിലോമീറ്ററുള്ള ആലുവ മുതല്‍ പാലാരിവട്ടംവരെ 40 രൂപയാണു നിരക്ക്. 40 ശതമാനം ഇളവ് ലഭിക്കുമ്പോള്‍ ഇത് 24 രൂപയായി കുറയും.
കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 ശതമാനം നിരക്കില്‍ ഇപ്പോള്‍ ഇളവ് ലഭിക്കുന്നുണ്ട്. അത് 40 ശതമാനമാക്കും. കൂട്ടത്തോടെ യാത്ര ചെയ്യുന്നവര്‍ക്കു ഗ്രൂപ്പ് പാസ് നല്‍കാനുള്ള പദ്ധതിയും കെഎംആര്‍എല്‍ ആലോചിക്കുന്നുണ്ട്.