യാത്രക്കാർക്കായി വാട്‌സാപ്പ് ക്യൂആര്‍ ടിക്കറ്റ് സൗകര്യവുമായി കൊച്ചി മെട്രോ

കൊച്ചി: മെട്രോ യാത്രക്കായി വാട്‌സാപ്പ് ക്യൂആര്‍ ടിക്കറ്റ് സൗകര്യവുമായി കൊച്ചി മെട്രോ. മെട്രോ യാത്ര ചെയ്യുന്നതിനായി ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കാതെ വാട്‌സാപ്പില്‍ നിന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സൗകര്യമാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. മെട്രോ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം മിയ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.

വാട്‌സാപ്പ് ക്യൂആര്‍ കോഡ് ടിക്കറ്റ് ഉപയോഗിച്ച് ബുധനാഴ്ച മുതല്‍ യാത്ര ചെയ്യാനാകും. ഒരു മിനിറ്റിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഒരു കോടിയിലധികം യാത്രക്കാരുമായി കൊച്ചി മെട്രോ പുതിയ വര്‍ഷത്തിലേക്ക് ചുവടുവെക്കുമ്പോള്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ മെട്രോ അധികതരുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മെട്രോയാത്രക്കാര്‍ക്ക് യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് വാട്‌സാപ്പ് ക്യൂആര്‍ കോഡ് ടിക്കറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

അതേസമയം കൊച്ചി വണ്‍ മെട്രോ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോക്കും വാട്ടര്‍ മെട്രോക്കും പുറമേ മെട്രോ ഫീഡര്‍ ബസുകളിലും ഓട്ടോകളിലും യാത്ര ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനെക്കുറിച്ചുള്ള ശ്രമത്തിലാണെന്നും ബെഹ്‌റ പറഞ്ഞു.

9188957488 എന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് അയക്കുക. അതില്‍ വരുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നും QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം അതില്‍ നിന്നും BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുക്കാം. അടുത്തതായി യാത്ര ചെയ്യാനാരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കാം. അതിന് ശേഷം യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്താം. ഇതിന് പിന്നാലെ പണമിടപാട് നടത്തി ടിക്കറ്റ് ഉറപ്പാക്കാം.

ഇനി അഥവാ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണമെങ്കിലും ‘Hi’ എന്ന് അയച്ചാല്‍ മതി. ഇത്തരത്തില്‍ ക്യൂ ആര്‍ കോഡ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് നാല്‍പത് മിനിറ്റിനകത്തുള്ള സമയമാണ് യാത്ര ചെയ്യാനാവുക.

Top