ന്യൂഡല്‍ഹി: കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗിക പീഡനക്കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. അതേ സമയം, സി.ബി.ഐ അന്വേഷണത്തെ കേരളം എതിര്‍ത്തു. കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന യുവതിയുടെ ആവശ്യത്തെയും കേരളം എതിര്‍ത്തു.
കേരള പൊലീസിന്റെ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും നാവികസേനയും പോലീസും ചേര്‍ന്ന് അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്നും അതിനാല്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരിയായ യുവതി സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. തുടര്‍ന്നാണ് കേസില്‍ കേന്ദ്ര സര്‍ക്കാറിനെ കൂടി സുപ്രീംകോടതി കക്ഷിചേര്‍ത്ത് വിശദീകരണം ആരാഞ്ഞത്.
2013 ഏപ്രിലിലാണ് യുവതി ദക്ഷിണമേഖല നാവിക ആസ്ഥാനത്ത് ജോലിചെയ്യുന്ന ഭര്‍ത്താവിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതിനല്‍കിയത്.
കൊച്ചിയിലെ ദക്ഷിണമേഖല നാവിക ആസ്ഥാനത്തെ മേലുദ്യോഗസ്ഥരുടെ പീഡനത്തിന് വിധേയയാകാന്‍ നാവിക സേനയില്‍ ലഫ്റ്റനന്റായ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നാണ് കേസ്.
സംഭവത്തത്തില്‍ കൊച്ചി പൊലീസ് പത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു. നാവികസേനയില്‍ ലഫ്റ്റനന്റാണ് യുവതിയുടെ ഭര്‍ത്താവ്. 2012ലായിരുന്നു ഇവരുടെ വിവാഹം.
2013 ജനുവരിയിലാണ് ദക്ഷിണമേഖലാ നാവിക ആസ്ഥാനത്തേക്ക് സ്ഥലംമാറ്റം ലഭിച്ചതിനത്തെുടര്‍ന്ന് ഇരുവരും കൊച്ചിയിലേക്ക് മാറിയത്. സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍നിന്ന് ദല്‍ഹിയിലേക്ക് താമസംമാറിയ യുവതി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പഠിക്കുകയാണ്.