കൊച്ചി:സ്ത്രീകളെ കുമ്പസരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഹൗസിന് മുന്നില്‍ സത്യാഗ്രഹം.
കേരള കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് (കെ.സി.ആര്‍.എം.) പ്രവര്‍ത്തകര്‍ ബിഷപ്പ് ഹൗസിനു മുന്‍പില്‍ സത്യാഗ്രഹ സമരം നടത്തിയത്.ലൈംഗിക പീഡന കേസുകളിലെ കുറ്റവാളികളെ സഭ സംരക്ഷിക്കരുതെന്നും ആവശ്യം ഉയര്‍ന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പുരോഹിതന്മാര്‍ പ്രതികളാകുന്ന സാഹചര്യത്തിലാണ് സ്ത്രീകളെ കുമ്പസരിപ്പിക്കുന്നതിനുള്ള അവകാശം സ്ത്രീകള്‍ക്കായിരിക്കണമെന്ന ആവശ്യം ഉയരുന്നത്. കുമ്പസാരം വിശ്വാസികള്‍ക്ക് ആരാധനയുടെ ഭാഗമാണ്. എന്നാല്‍ സ്ത്രീകളെ കുമ്പസരിപ്പിക്കാനുള്ള ധാര്‍മികമായ അധികാരം പുരോഹിതര്‍ക്ക് നഷ്ടപ്പെട്ടതായി ആരോപിച്ചാണ് സ്ത്രീകളെ കുമ്പസരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. സ്ത്രീപീഡന കേസുകളില്‍ പ്രതികളാകുന്ന പുരോഹിതരെ സഭ സംരക്ഷിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
നിയമങ്ങളെ വെല്ലുവിളിച്ച് കുമ്പസാരക്കൂടുകളുടെ മറവില്‍ സ്ത്രീപീഡനങ്ങള്‍ അരങ്ങേറുന്നത് അനുവദിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവില്‍, കെ.സി.ആര്‍.എം. ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ഇ.ആര്‍. ജോസഫ്, സഭ പുറത്താക്കിയ സിസ്റ്റര്‍ മരിയ എന്നിവര്‍ പ്രസംഗിച്ചു. കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ആലോചിക്കുന്നതെന്ന് ഇന്ദുലേഖ ജോസഫ് പറഞ്ഞു.