ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം പൊലീസും നാവിക സേനയും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് എത്തുമോ എന്ന ആശങ്കയും വ്യാപകം. അങ്ങനെ സംഭവിച്ചാല്‍ അത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. മുന്‍ കാലങ്ങളില്‍ നടന്ന ചില ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ വിലയിരുത്തുമ്പോള്‍ ഈ ആശങ്കകള്‍ക്ക് അടിസ്ഥാനവുമുണ്ട്. ഏതെങ്കിലും നാവികനെ പൊലീസ് പിടിച്ചാല്‍ കൂട്ടത്തോടെ എത്തുന്നതാണ് നാവികരുടെ രീതി. നാവിക ആസ്ഥാനത്തെ കോമ്പൗണ്ടിലെ അധികാരം നാവിക സേനക്കാണെങ്കിലും പുറത്തെ അധികാരം കൊച്ചി പൊലീസിനാണ്. അതു കൊണ്ടു തന്നെ പുറത്ത് എന്ത് പ്രശ്‌നമുണ്ടായാലും കേസെടുക്കേണ്ടതും കൊച്ചി പൊലീസാണ്. മദ്യപിച്ച് വാഹനമോടിച്ച സംഭവവുമായി ബന്ധപ്പെട്ട് അടക്കം മുന്‍പുണ്ടായ ചില സംഭവങ്ങള്‍ നാവിക സേനാംഗങ്ങളും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. അന്നൊക്കെ ഇരു വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയിരുന്നത്.
ഇപ്പോഴത്തെ വെടിവയ്പ്പ് സംഭവം വീണ്ടും നാവികരും പൊലീസും തമ്മിലുള്ള ഉടക്കിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. സംഭവ ദിവസം പരിശീലനത്തിനുപയോഗിച്ച തോക്കുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ നാവികസേനയോട് പൊലീസ് തേടിയിരുന്നു എങ്കിലും അത് നല്‍കിയിട്ടില്ല. അന്ന് പരിശീലനം നടത്തിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ ഇപ്പോള്‍ നല്‍കാനാകില്ലെന്നും ഇതിന് സേനാ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നതുമാണ് നാവിക സേനയുടെ നിലപാട്. തോക്കുകള്‍ പരിശോധിക്കണമെന്ന കര്‍ക്കശ നിലപാടില്‍ പോലീസ് ഉറച്ചുനിന്നതോടെ അതിന് നാവിക സേന അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന്
നാവിക സേനയുടെ അഞ്ച് തോക്കുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈ തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. തോക്കുകള്‍ കസ്റ്റഡിയിലെടുക്കുന്നതിന് നാവിക സേന സമ്മതമറിയിച്ചിരുന്നില്ലങ്കില്‍ പൊലീസിന് ഒരു പരിശോധനയും നടത്താന്‍ കഴിയുമായിരുന്നില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
നാവിക സേനയുടെ തോക്കില്‍ നിന്നാണോ വെടിയേറ്റതെന്നാണ് പൊലീസ് ഇപ്പോള്‍ പരിശിധിക്കുന്നത്. കൊച്ചി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം മട്ടാഞ്ചേരി എ.എസ്.പി നേരിട്ടെത്തിയാണ് പരിശോധനാ നടപടികളും കസ്റ്റഡി നടപടികളും പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശാസ്ത്രീയ പരിശോധനയിലൂടെ തന്നെ വെടിയേറ്റ സംഭവത്തില്‍ വ്യക്തത ലഭിക്കാനാണ് നീക്കം നടത്തുന്നത്. മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സമയത്ത് അഞ്ച് പേരാണ് നാവിക സേനയില്‍ പരിശീലനം നടത്തിയിരുന്നത്. ഇവരുടെ പേരു വിവരങ്ങള്‍ പുറത്ത് വിടാന്‍ ഇതുവരെ നാവിക സേന തയ്യാറായിട്ടില്ല. ഇതു തന്നെയാണ് പൊലീസിനും വെല്ലുവിളിയാകുന്നത്. നാവിക സേന അനുമതി നല്‍കാതെ ഇവരെ ചോദ്യം ചെയ്യാന്‍ പൊലീസിനു കഴിയുകയില്ല. പരമാവധി തെളിവുകള്‍ ശേഖരിച്ച് അതിന് നാവിക സേനയെ നിര്‍ബന്ധിതരാക്കാനുള്ള ശ്രമമാണ് പൊലീസ് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.
നേവിയെ കേന്ദ്രീകരിച്ചുതന്നെയാണ് നിലവില്‍ അന്വേഷണം തുടരുന്നത് എന്ന കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയിട്ടുണ്ട്. നാവിക സേന ഉപയോഗിക്കുന്ന തരത്തിലുളള ഇന്‍സാസ് റൈഫിളുകളിലെ ബുളളറ്റാണ് ബോട്ടില്‍ നിന്ന് കിട്ടിയതെന്നാണ് ബാലിസ്റ്റിക് വിദഗ്ദരും പൊലീസിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനു സമാനമായ ബുള്ളറ്റുകള്‍ മറ്റേതെങ്കിലും രാജ്യ വിരുദ്ധശക്തികള്‍ ഉപയോഗപ്പെടുത്തിയതാണോ എന്ന കാര്യവും അന്വേഷിക്കേണ്ടതുണ്ടെന്നതാണ് മറുവാദം. ഇന്ത്യന്‍ നേവി വെടി വെച്ചെങ്കില്‍ അത് അബദ്ധത്തിലാണെങ്കിലും അക്കാര്യം തുറന്നു പറയുമെന്നാണ് മുന്‍ നാവിക സേനാ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ബുളളറ്റ് കണ്ടെത്തിയ ബോട്ടിന്റെ സംഭവദിവസത്തെ ജി.പി.എസ് വിവരങ്ങള്‍ നാവികസേന പൊലീസിനോടും തേടിയിട്ടുണ്ട്. കടല്‍ഭാഗത്ത് എവിടെയൊക്കെ പോയി എന്നറിയുന്നതിനാണിത്. ഐ എന്‍ എസ് ദ്രോണാചാര്യയില്‍ പരിശീലനം നടത്തുമ്പോള്‍ ബുളളറ്റ് പുറത്തേക്ക് തെറിച്ചാലും ഒന്നരകിലോമീറ്റര്‍ അകലേക്ക് ചെല്ലില്ലെന്നതാണ് നാവികസേനയുടെ വാദം. ഇന്‍സാസ് പോലുളള റൈഫിളുകള്‍ ഉപയോഗിച്ച് നിലത്ത് കിടന്നാണ് പരിശീലനം നടത്തുന്നത് എന്ന കാര്യവും നാവിക സേനാ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബുളളറ്റുകള്‍ അവിടെയുളള ഭിത്തിയില്‍ തട്ടിത്തെറിക്കും വിധമാണ് നാവിക സേന പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
അതിനാല്‍ തന്നെ നാവിക സേനാ പരിശീലന കേന്ദ്രത്തില്‍ നിന്നുളള വെടിയേറ്റല്ല മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റതെന്നാണ് സേനാ കേന്ദ്രങ്ങള്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. പൊലീസിന്റെ വാദങ്ങളെ പ്രതിരോധിക്കുന്ന നിലപാടാണിത്. ഈ സാഹചര്യത്തില്‍ കൃത്യമായ തെളിവില്ലാതെ നാവിക സേനാംഗങ്ങള്‍ക്കെതിരെ പൊലീസ് എന്ത് നീക്കം നടത്തിയാലും അത് വലിയ വെല്ലുവിളിയാകും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നാവികാസ്ഥാനമാണ് കൊച്ചിയിലുള്ളത്. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ സംഭവ വികാസങ്ങളെ, പ്രതിരോധ മന്ത്രാലയവും ഗൗരവമായാണ് കാണുന്നത്.
EXPRESS KERALA VIEW