Kochi-police-form-special-squad-to-rein-in-goons-lead-by-criminal-accused-IG

കൊച്ചി: ക്രിമിനലുകളെ പിടിക്കാന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ ടീം.

കൊച്ചി നഗരത്തില്‍ വ്യാപകമായ ഗുണ്ടാ ആക്രമണങ്ങളെ ചെറുക്കാനും ക്രിമിനലുകളെ പിടികൂടാനുമായി ഉണ്ടാക്കിയ പ്രത്യേക സേനയായ സിറ്റി ടാസ്‌ക് ഫോഴ്‌സിനാണ് ക്രിമിനല്‍ കേസില്‍ പ്രതിയായ റേഞ്ച് ഐജി മേല്‍നോട്ടം വഹിക്കുന്നത്.

എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇപ്പോള്‍ വിചാരണയിലിരിക്കുന്ന വസ്തു തട്ടിപ്പ് കേസിലെ (സിസിനം.695/2008) ഒന്നാം പ്രതിയാണ് ഐജി ശ്രീജിത്ത്.

ക്രിമിനലുകളെ പിടികൂടാന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ തന്നെ സ്വയം അവരോധിച്ച നടപടിയില്‍ പൊലീസ് സേനയിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായല്ല മറിച്ച് വ്യക്തിപരമായ താല്‍പര്യപ്രകാരം ഇടപെട്ട കേസിലാണ് ശ്രീജിത്ത് പ്രതിയായതെന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്.

ഇടക്കൊച്ചി സ്വദേശി പി വി വിജുവിന്റെ എറണാകുളം വെണ്ണല ജനതാ റോഡിലെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ടാണ് അന്ന് കോട്ടയം എസ്പിയായിരുന്ന ശ്രീജിത്തിനെ പ്രതിയാക്കി കേസെടുത്തിരുന്നത്.

സംഭവത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശ്രീജിത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിന് ശേഷം പിന്നീട് നിരവധി വിവാദങ്ങളില്‍ നായകനായ ഈ ഐപിഎസ് ഓഫീസര്‍ ഒടുവില്‍ വിവാദ വ്യവസായിയുമായി ബന്ധപ്പെട്ട് നിയമ വിരുദ്ധമായ പ്രവര്‍ത്തി നടത്തിയതിന് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റും ചെയ്യപ്പെട്ടിരുന്നു.

കോഴിക്കോട് സ്വദേശി മോഹന്‍രാജിന്റെ കുടകിലെ ഭൂമി തട്ടിയെടുക്കാന്‍ ഒത്താശ ചെയ്ത് കൊടുത്തതിനും സഹപ്രവര്‍ത്തകനായ ഡിവൈഎസ്പിയെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനുമായിരുന്നു സസ്‌പെന്‍ഷന്‍.

ഹൈക്കോടതിയില്‍ വിവാദ വ്യവസായിയുമായി ബന്ധപ്പെട്ട കേസില്‍ സത്യവാങ് മൂലം നല്‍കിയ സംസ്ഥാന പൊലീസ് മേധാവി കടുത്ത നിയമവിരുദ്ധ പ്രവര്‍ത്തിയാണ് ശ്രീജിത്ത് ചെയ്തതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

ആഭ്യന്തര സെക്രട്ടറിയുടെ അനുമതി പ്രകാരം നടത്തിയ ഫോണ്‍ ചോര്‍ത്തലിന്റെ ഭാഗമായും വിജിലന്‍സ് കോഴിക്കോട് റെയ്ഞ്ച് എസ്പി നല്‍കിയ മൊഴിപ്രകാരവുമായിരുന്നു ശ്രീജിത്തിനെതിരായ നടപടി.

ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനായി ഗുരുതര ശിക്ഷാ നടപടികള്‍ മറികടന്ന് നിയമവിരുദ്ധമായി ശ്രീജിത്തിനെ സഹായിച്ചവര്‍ക്കെതിരെ നിലവില്‍ വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണവും നടക്കുന്നുണ്ട്.

ഇങ്ങനെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഐജിയാണ് നഗരത്തിലെ ക്രിമിനലുകളെ പിടിക്കുന്ന സംഘത്തിന്റെ മേല്‍നോട്ട ചുമതല സ്വയം ഏറ്റെടുത്തിരിക്കുന്നത്.

ഐജിയുടെ ഗുണ്ടാ ബന്ധം ആരോപിച്ചും ഗുണ്ടാകളുടെ വിളയാട്ടത്തിനെതിരെയും കഴിഞ്ഞ ദിവസം നിയമസഭയില്‍ പിടി തോമസ് എംഎല്‍എ ആഞ്ഞടിച്ചിരുന്നു.

ഇതേതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് അറിയിച്ചിരുന്നു.

ഇതിന് ശേഷമാണ് ആരോപണ വിധേയനായ ഐജി തന്നെ മുന്‍കൈ എടുത്ത് സിറ്റിടാസ്‌ക് ഫോഴ്‌സ് എന്ന ഗുണ്ടാവിരുദ്ധ സേന രൂപീകരിച്ചത്. മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിക്കപ്പെട്ടാല്‍ പിന്നെ ഐജി കസേരയില്‍ ഇരുന്നിട്ട് കാര്യമില്ലെന്ന് കണ്ടിട്ടായിരിക്കും ‘ഒരു മുഴം മുന്‍പെ’യുള്ള ഈ നടപടിയെന്നാണ് പറയപ്പെടുന്നത്.

ആരോപണവിധേയനായ ഐജിയുടെ മേല്‍നോട്ടത്തില്‍ ഗുണ്ടാവിരുദ്ധ സേന രൂപീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവരം.

Top