മലപ്പുറം പൊലീസിനെ കണ്ടു പഠിക്കണം കൊച്ചി പൊലീസ്, നിഷ്‌ക്രിയം മൂലം കൊല്ലപ്പെട്ടത് ഒരു വയോധിക

കൊച്ചി മരടിലെ അപ്പാര്‍ട്ട്‌മെന്റില്‍ വയോധിക വെട്ടേറ്റു മരിച്ച സംഭവത്തില്‍ പൊലീസിനു സംഭവിച്ചിരിക്കുന്നത് ഗുരുതര വീഴ്ച. അവസരോചിതമായി പൊലീസ് ഇടപെട്ടിരുന്നു എങ്കില്‍ ഒരു പാവം സ്ത്രീയുടെ മരണം ഒഴിവാക്കാമായിരുന്നു. ഇക്കാര്യത്തില്‍ പൊലീസിന്റെ വീഴ്ച മറച്ചു വയ്ക്കാന്‍ ആരു തന്നെ ശ്രമിച്ചാലും വിലപ്പോവുകയില്ല. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുതല്‍ കൊച്ചി സിറ്റിയെ നിയന്ത്രിക്കുന്ന പൊലീസ് കമ്മീഷണര്‍ക്കു വരെ, ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. നാടിനെ നടുക്കിയ കൊലവിളി മണിക്കൂറുകളോളം നടത്തിയ ശേഷമാണ് അച്ചാമ്മ ഏബ്രഹാം എന്ന വയോധികയെ മകന്‍ വിനോദ് എബ്രഹാം വെട്ടി കൊലപ്പെടുത്തിയിരിക്കുന്നത്. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് അപ്പാര്‍ട്‌മെന്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നിരിക്കുന്നത്.

രാവിലെ മുതല്‍ തുടങ്ങിയ പ്രശ്‌നത്തില്‍ അയല്‍വാസികള്‍ അറിയിച്ചതനുസരിച്ചു സ്ഥലത്തെ കൗണ്‍സിലര്‍ ഉച്ചയോടെയാണ് ഇടപെടുന്നത്. വിനോദിനെ ആശുപത്രിയിലേക്കു മാറ്റണം എന്നതായിരുന്നു അവരുടെ ആവശ്യം. കൗണ്‍സിലര്‍ അറിയിച്ചതനുസരിച്ചു പൊലീസ് വന്നെങ്കിലും അകത്ത് നിന്നും ആരും വാതില്‍ തുറന്നിരുന്നില്ല. ഇതിനിടെ ജനല്‍ തുറന്ന വിനോദ് ഇവിടെ പ്രശ്‌നമൊന്നുമില്ലെന്നെന്നും ഞാനും അമ്മയും സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും പറയുകയായിരുന്നു. ഇതു കേട്ടിട്ടും പൊലീസ് പോകാതെ നില്‍ക്കുന്നതു കണ്ടതോടെ വിനോദ് ഫ്യൂസ് ഊരിക്കളയുകയാണ് ചെയ്തിരുന്നത്.

തുടര്‍ന്ന് നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതോടെ മൂന്നരയോടെ പൊലീസ് മടങ്ങിപ്പോവുകയാണ് ചെയ്തത്. അശ്ലീല പദപ്രയോഗവും ഗതാഗത കുരുക്കും ഉണ്ടാക്കിയ യൂട്യൂബര്‍ തൊപ്പിയെ വാതില്‍ ചവിട്ടി തുറന്ന് പിടിച്ചു കൊണ്ടു പോയ പൊലീസുള്ള നാട്ടിലാണ് ഒരു സ്ത്രീയുടെ രോദനം കേട്ടിട്ടും കൗണ്‍സിലര്‍ അടക്കം ആവശ്യപ്പെട്ടിട്ടും പൊലീസ് നിഷ്‌ക്രിയരായി നിന്നിരിക്കുന്നത്. വൈകിട്ട് അഞ്ചരയോടെ വീട്ടിനുള്ളില്‍ നിന്നു കരച്ചിലും സാധനങ്ങള്‍ വലിച്ചെറിയുന്ന ശബ്ദവും വീണ്ടും കേള്‍ക്കുകയും ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ടതിന്റെ ഗന്ധം പരക്കുകയും ചെയ്തതോടെ അയല്‍വാസികള്‍ കൗണ്‍സിലറെ വീണ്ടും വിളിക്കുകയും തുടര്‍ന്ന് പൊലീസും പിന്നാലെ ഫയര്‍ ഫോഴ്‌സും എത്തിയെങ്കിലും, വാതില്‍ തുറക്കാനുള്ള നടപടികളിലേക്കു പൊലീസ് നീങ്ങിയത് 2 മണിക്കൂറിനു ശേഷം മാത്രമാണ്.

രേഖാമൂലം പരാതി കിട്ടിയെങ്കില്‍ മാത്രമേ വീടിനകത്തു കയറാന്‍ പറ്റുകയുള്ളു എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരുന്നത്. റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജിനി ആന്റണി ഉടന്‍ തന്നെ ആവശ്യം ഉന്നയിച്ച് കത്ത് പൊലീസിനു നല്‍കിയ ശേഷമാണ് വാതില്‍ പൊളിച്ച് അകത്ത് കയറാന്‍ പൊലീസ് തയ്യാറായിരുന്നത്. അപ്പോള്‍ അവിടെ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ അച്ചാമ്മയുടെ മൃതദേഹവും സമീപത്ത് കത്തി വീശി അക്രമാസക്തനായ വിനോദിനെയുമാണ് കാണാനായത്.

തുടര്‍ന്ന് പ്രതിയെ കീഴ്‌പ്പെടുത്തി ആശുപത്രിയിലേക്കു മാറ്റുകയാണ് ഉണ്ടായത്. സ്ത്രീയുടെ നിലവിളി ആദ്യം കേട്ടപ്പോള്‍ തന്നെ പൊലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയിരുന്നു എങ്കില്‍ ആ ജീവന്‍ തീര്‍ച്ചയായും രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു. അതു തന്നെയാണ് പരിസരവാസികളും പറയുന്നത്. ഇവിടെയാണ് മലപ്പുറം പൊലീസിനെ അഭിനന്ദിച്ചു പോകുന്നത്. ശക്തനായ എസ്.പി നയിക്കുന്നതിനാല്‍ എറണാകുളത്തെത്തി വാതില്‍ പൊളിച്ച്,  സമൂഹത്തില്‍ അശ്ലീല ”വൈറസ് ‘പടര്‍ത്തുമായിരുന്ന തൊപ്പിയെ കസ്റ്റഡിയില്‍ എടുക്കാനുള്ള ധൈര്യം സേനാംഗങ്ങള്‍ക്കുണ്ടായി. എന്നാല്‍ അത്തരമൊരു ധൈര്യം എറണാകുളം നഗരത്തിലെ പൊലീസിന് ഇല്ലാതെ പോയി. അതുകൊണ്ടു കൂടിയാണ് പൊലീസ് നടപടി വൈകിയതും ഒരു കൊലപാതകം സംഭവിക്കാനും കാരണമായിരിക്കുന്നത്.

കൊച്ചി പൊലീസിന്റെ ഭാഗത്ത് നിന്നും വന്ന ഈ ഗുരുതര വീഴ്ചയ്ക്ക് ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരമൊരു നിഷ്‌ക്രിയമായ പൊലീസ് സംവിധാനമാണ് കൊച്ചി മഹാനഗരത്തില്‍ ഉള്ളത് എന്നത് ജനങ്ങളെ സംബന്ധിച്ച് ഭയപ്പെടുത്തുന്ന കാര്യമാണ്. കീഴുദ്യോഗസ്ഥരെ മാത്രം ബലിയാടാക്കാതെ, പൊലീസ് തലപ്പത്ത് ഉള്‍പ്പെടെ മാറ്റം വരുത്തി ശക്തമായ പൊലീസിങ്ങ് നഗരത്തില്‍ ഏര്‍പ്പെടുത്തണമെന്നതാണ് ഹൈക്കോടതി അഭിഭാഷകര്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്.

Top