മരണക്കുഴി; മുഖ്യമന്ത്രി രാജി വെയ്ക്കണം, പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും ബിജെപിയും

കൊച്ചി: പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം. പാലാരിവട്ടത്തും ഇടപ്പള്ളിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലും ഉപരോധം നടന്നു.

മുഖ്യമന്ത്രി പിണറായിക്കെതിരെ മുദ്രാവാക്യങ്ങളുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയത്. മുഖ്യമന്ത്രി രാജിവെക്കണമെന്നും ഇവര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ സംഭവ സ്ഥലത്തേക്ക് ബിജെപി പ്രവര്‍ത്തകരും മുദ്രാവാക്യങ്ങളുമായി എത്തി. ഇരുകൂട്ടരും റോഡിന്റെ രണ്ടു വശങ്ങളിലായി കുത്തിയിരുന്ന് പ്രതിഷേധം നടത്തി.

അതേസമയം, അധികൃതരുടെ അനാസ്ഥയില്‍ ഉണ്ടായ അപകടമായതിനാല്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഈ അപകടം നടക്കാന്‍ പാടില്ലായിരുന്നെന്നും ദൗര്‍ഭാഗ്യകരമാണെന്നും പി.ടി തോമസ് എംഎല്‍എ പ്രതികരിച്ചു. ഇന്ന് രാത്രിയില്‍ തന്നെ കുഴിയടയ്ക്കാനുള്ള നടപടിയെടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചുകൂട്ടും. മാത്രമല്ല കുഴി അടയ്ക്കണമെന്ന് നിരവധി തവണ അധികൃതര്‍ക്ക് താക്കീത് നല്‍കിയതാണെന്ന് കൊച്ചി മേയറും പ്രതികരിച്ചിരുന്നു.

Top