തൃപ്പൂണിത്തുറയിലെ മോഷണം ; കേസില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

robbery

കൊച്ചി : തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

പ്രതികള്‍ തൃപ്പൂണിത്തുറയിലെ സെന്‍ട്രല്‍ തിയറ്ററില്‍ എത്തിയ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

മുഖംമൂടിധാരികളായ ഏഴംഗ സംഘം എരൂര്‍ മേഖലയില്‍ രാത്രി കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

പതിനഞ്ചാം തീയതി തന്നെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും എരൂരില്‍ വീട്ടുകാരെ ആക്രമിച്ച് അമ്പത് പവന്‍ കവര്‍ന്ന സംഭവത്തിനു പിന്നാലെയാണ് ഇത് പൊലീസ് കാര്യമായെടുത്തത്.

പതിനാലാം തീയതി പുലര്‍ച്ചെ രണ്ടേ കാല്‍ മണി മുതല്‍ രണ്ടര മണി വരെയുളള സമയത്ത് എരൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞതാണ് ഈ ദൃശ്യങ്ങള്‍.

മുഖംമൂടി ധരിച്ച ഏഴു പേര്‍ സംഘം ചേര്‍ന്ന് റോഡിലൂടെ നടക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ഒരാളുടെ കയ്യില്‍ കമ്പിവടി എന്ന് തോന്നിക്കുന്ന ആയുധവുമുണ്ട്. ഇത് ഇയാള്‍ അരയിലേക്ക് തിരുകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഈ ദൃശ്യങ്ങള്‍ പതിഞ്ഞ സിസിടിവി കാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥാപനത്തിന് മുമ്പിലെ റോഡ് കടന്ന് സമീപത്തുളള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിയ സംഘം അവിടുത്തെ സിസിടിവി കാമറകള്‍ തകര്‍ത്തിട്ടുമുണ്ട്. തിരികെയെത്തിയ ശേഷം ഈ ദൃശ്യങ്ങള്‍ പതിഞ്ഞ സിസിടിവി കാമറയും സംഘം അടിച്ചു തകര്‍ത്തു.

ഇതരസംസ്ഥാനക്കാരാണ് ദൃശ്യത്തിലുളളതെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Top