കൊച്ചി: ഐടിയുടെ അനന്തസാധ്യതകളിലേക്കു കേരളത്തിനു പുതിയ കുതിപ്പാകുമെന്നു പ്രതീക്ഷിക്കുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു.
കൊച്ചി കാക്കനാട് ഇടച്ചിറയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യകെട്ടിടം യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് സിങ് റൂഡി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസഫലി എന്നിവര്‍ ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു.
246 ഏക്കര്‍ വരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആറരലക്ഷം ചതുരശ്രയടിയിലുള്ള ഐ.ടി ടവര്‍ ഉള്‍പ്പെടുന്ന കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാമത്തെ കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനവും ചടങ്ങില്‍ നടന്നു.
ഐ.ടി. വികസനം ലക്ഷ്യമാക്കിയുള്ള രണ്ടാം ഘട്ടവും മൊബിലിറ്റി ഹബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിടുന്ന മൂന്നാംഘട്ടവുമാണ് വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക. പുതിയ പദ്ധതിയെന്ന നിലയില്‍ പ്രതിബന്ധങ്ങളുണ്ടായെങ്കിലും കൂട്ടായ പ്രവര്‍ത്തനഫലമായാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
പദ്ധതി നിര്‍വഹണത്തിന് മുന്‍ മാതൃകകളില്ലാതിരുന്നതും റോഡ്, പാലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടിവന്നതും ഒന്നാം ഘട്ടം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി.
ഒന്നാം ഘട്ടത്തിലെ കമ്പനികള്‍ പൂര്‍ണമായും പ്രവര്‍ത്തനം തുടങ്ങുന്നതോടെ അയ്യായിരത്തില്‍പരം പേര്‍ക്ക് ജോലി ലഭിക്കും. മൂന്നു വര്‍ഷം കൊണ്ട് രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 60,000 പേര്‍ക്ക് തൊഴിലവസരമുണ്ടാകും.
ആദ്യ ഐടി ടവറിലെ 75% സ്ഥലം 27 ഐടി കമ്പനികള്‍ പാട്ടത്തിനെടുത്തുകഴിഞ്ഞു. അതില്‍ പലരും ഓഫീസുകളുടെ ഇന്റീരിയര്‍ ജോലികള്‍ തുടങ്ങിയിട്ടുണ്ട്. നാലു മാസത്തിനകം കമ്പനികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും.
നിര്‍മാണോദ്ഘാടനം നടത്തിയ 47 ലക്ഷം ചതുരശ്ര അടി രണ്ടാംഘട്ടത്തില്‍ ലുലു ഗ്രൂപ്പിന്റെ ഐടി വിഭാഗമായ സാന്‍ഡ്‌സ് ഇന്‍ഫ്രാബില്‍ഡിന്റെ രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ഐടി ടവര്‍ ഉള്‍പ്പെടെ ഏഴു ടവറുകളാണുണ്ടാവുക. സ്മാര്‍ട്‌സിറ്റിയുടെ സ്വന്തം ടവറിനു പുറമെ യു.എ.ഇ. ആസ്ഥാനമായ ഹോളിഡേ ഗ്രൂപ്പ്, ജെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ബംഗളുരു ആസ്ഥാനമായ മറാട്ട് പ്രോജക്ട്‌സ്, പ്രസ്റ്റീജ് ഗ്രൂപ്പ്, കൊച്ചി ആസ്ഥാനമായ എല്‍ട്ടന്‍ ടെക്‌നോളജീസ് എന്നിവയുടെ പദ്ധതികളാണ് രണ്ടാംഘട്ടത്തിലുണ്ടാവുക. ഈ ഘട്ടത്തില്‍ ഐടിയേതര പദ്ധതികളുമുണ്ടാകും.