കൊച്ചി: കടവന്ത്രയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ പ്രതി മനീഷ് ഗുപ്ത അറസ്റ്റില്‍.
വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന പത്തു ലക്ഷം രൂപയുടെ ആനക്കൊമ്പും ചന്ദനവുമാണ് ഉത്തരേന്ത്യക്കാരനായ കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനില്‍ മനീഷ് ഗുപ്തയുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടിയത്.
ശിങ്കാരി മാനിന്റെ കൊമ്പും അന്‍പതോളം വിദേശ മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു. വനം വകുപ്പും ഫ്‌ളയിങ് സ്‌ക്വാഡും വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ് ഇവ പിടിച്ചെടുത്തത്.
അങ്കമാലി സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന നാട്ടാനയുടെ രണ്ടു കൊമ്പുകളാണ് കണ്ടെത്തിയത്. 56 വയസ്സുള്ള ആനയുടേതാണ് കൊമ്പ്. ഇതു കൈവശം വയ്ക്കുന്നതിന് മനീഷ് ഗുപ്തയ്ക്ക് അനുമതി ലഭിച്ചിട്ടില്ല. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മാത്രമേ ആനക്കൊമ്പ് സൂക്ഷിക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കൂ.
ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. മറയൂരില്‍ നിന്ന് എത്തിച്ചതാണ് ചന്ദനമുട്ടികള്‍. ഇതിന് അഞ്ചു കിലോയിലേറെ തൂക്കം വരും.
വനം വകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ ബി. ജയചന്ദ്രന്‍, ഫോറസ്റ്റ് ഓഫിസര്‍മാരായ ശ്രീജിത്, സുമേഷ് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ മധുവാഹനന്‍, സജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.