കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് വാട്ടർ മെട്രോ ടെർമിനലുകൾ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഈ ടെർമിനലുകളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് ഇന്ന് രാവിലെ മുതൽ ആരംഭിക്കുക. ഇതോടെ ഒൻപത് ടെർമിനലുകളിലായി അഞ്ചു റൂട്ടുകളിലേക്ക് വാട്ടർ മെട്രോ സർവീസ് വ്യാപിക്കും.
ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽവഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്.
പരമാവധി 40 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്.
പുതിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്ക്
- ഹൈകോർട്ട് ജങ്ഷൻ-മുളവുകാട് നോർത്ത് 30 രൂപ
- ഹൈകോർട് ജങ്ഷൻ-സൗത്ത് ചിറ്റൂർ 40 രൂപ
- ബോൾഗാട്ടി-മുളവുകാട് നോർത്ത് 30 രൂപ
- ബോൾഗാട്ടി-സൗത്ത് ചിറ്റൂർ 40 രൂപ
- മുളവുകാട് നോർത്ത്-സൗത്ത് ചിറ്റൂർ 20 രൂപ
- സൗത്ത് ചിറ്റൂർ-ചേരാനെല്ലൂർ 30 രൂപ
- സൗത്ത് ചിറ്റൂർ-ഏലൂർ 30 രൂപ
- ഏലൂർ-ചേരാനെല്ലൂർ 20 രൂപ