കൊച്ചി: പട്ടാപ്പകല്‍ വാനിലെത്തിയ സംഘം നാലുവയസ്സുകാരനെ തട്ടിക്കൊണ്ട് പോയതായി പരാതി. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. എറണാകുളത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കോളേജിലേക്ക് പോകുന്നതിനായി ബസ് സ്‌റ്റോപ്പില്‍ എത്തിയ പെണ്‍കുട്ടി വാനില്‍ നിന്ന് ഒരു കുട്ടി കരഞ്ഞു കൊണ്ട് വരുന്നതായി കണ്ടു. പെട്ടെന്ന് തന്നെ വാനില്‍ നിന്ന് മുഖം മറച്ചെത്തിയ ആള്‍ കുട്ടിയെ വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു.
എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ട് പോവുകയാണ് എന്ന് സംശയം തോന്നിയ കോളേജ് വിദ്യാര്‍ത്ഥി കുട്ടിയുടെ കാലില്‍ പിടിച്ച് വലിച്ചുവെങ്കിലും സംഘത്തിലൊരാള്‍ കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയെ കുത്തുകയും വാനില്‍ നിന്ന് തള്ളി മാറ്റുകയുമായിരുന്നു എന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. കൈത്തണ്ടയ്ക്ക് പരുക്കേറ്റ വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പൈപ്പ്‌ലൈന്‍ റോഡിലൂടെ ആലുവ ഭാഗത്തേക്കാണ് വാഹനം പോയതെന്ന് പെണ്‍കുട്ടി പറയുന്നു. അതേസമയം ഇതുവരേക്കും കുട്ടിയെ കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ വരെയുള്ള റോഡുകളിലെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവിയും മൊബൈല്‍ ടവറും പരിശോധിച്ചുവരികയാണെന്ന് പൊലീസ് .