ആശ്വാസം; അരൂജാസ് സ്‌കൂളിലെ കുട്ടികള്‍ക്ക് പരീക്ഷ എഴുതാം: ഹൈക്കോടതിയുടെ അനുമതി

കൊച്ചി: കൊച്ചി അരൂജാസ് സ്‌കൂളിലെ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കി ഹൈക്കോടതി. ഉപാധികളോടെ തുടര്‍ പരീക്ഷ എഴുതാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പത്താം ക്ലാസ് പരീക്ഷ എഴുതണമെന്ന അരൂജാസ് വിദ്യാര്‍ത്ഥികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

24 മുതല്‍ തുടങ്ങിയ പരീക്ഷ എഴുതിക്കണമെന്ന് 28 വിദ്യാര്‍ത്ഥികളാണ് ആവശ്യപ്പെട്ടത്. സ്‌കൂളിന് അംഗീകാരമില്ലാത്തതിനാലാണ് ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്.

അതേസമയം,കഴിഞ്ഞ ദിവസം പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവത്തില്‍ സിബിഎസ്ഇയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ സിബിഎസ്ഇ നടപടി എടുക്കുന്നില്ലെന്നും അതാണ് അരൂജാസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയതിന് കാരണമെന്നും കോടതി പറഞ്ഞിരുന്നു.

മാനേജ്‌മെന്റ് വീഴ്ചയെ തുടര്‍ന്നാണ് തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂളില്‍ സി.ബി.എസ്.ഇ അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് പത്താംക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നത്. എട്ടാംക്ലാസ് വരെ അംഗീകാരമുള്ള സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ്സ് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് സെപ്റ്റംബറിലെ സ്‌കൂള്‍ മാനേജ്മെന്റിന് അറിയാമായിരുന്നുവെന്നും എന്നിട്ടും അവര്‍ ഇത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

പരീക്ഷ തീയതി അടുത്തിട്ടും ഹാള്‍ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിലാണ് സ്‌കൂളിന് അംഗീകാരം ഇല്ലാത്ത കാര്യം രക്ഷിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.

Top