കൊറോണ; എല്ലാ സിനിമാ തിയേറ്ററുകളും അടച്ചിടുമെന്ന് സിനിമാ സംഘടനകള്‍

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് മൂലം അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതിനാല്‍ ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമാ തീയേറ്ററുകളും അടച്ചിടുമെന്ന് തീരുമാനിച്ച് സിനിമാ സംഘടനകള്‍.

കൊച്ചിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. തീയേറ്ററുകള്‍ മാര്‍ച്ച് മാസം അവസാനിക്കുന്നതുവരെ അടച്ചിടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു അതിന് പിന്നാലെയാണ് നടപടി.

അതേസമയം ഷൂട്ടിംഗ് നടക്കുന്ന 20 ഓളം ചിത്രങ്ങളുടെ കാര്യം സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കാനും സംഘടനകള്‍ തീരുമാനിച്ചു. നിലവില്‍ 20 ഓളം സിനിമകളുടെ ഷൂട്ടിംഗാണ് നടക്കുന്നത്.

അതിനിടെ, സംസ്ഥാനത്ത് ആറുപേര്‍ക്കു കൊറോണ സ്ഥിരീകരിച്ചു. പന്ത്രണ്ട് പേരാണ് വൈറസ് ബാധിച്ച് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇതില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി നേരിട്ട് ഇടപെട്ടവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 149 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top