രോഗികളെ പരിചരിച്ചു; കൊച്ചിയില്‍ രണ്ട് ഡോക്ടര്‍മാരും ഒരു നഴ്‌സും ഐസൊലേഷനില്‍

കൊച്ചി: കൊറോണ ഭീതിയില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗികളെ ചികിത്സിച്ച രണ്ട് ഡോക്ടര്‍മാരും ഒരു നഴ്‌സും ഐസൊലേഷനില്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, ഇന്ന് തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ചു വിഭാഗങ്ങളിലെ ഇരുപത്തഞ്ചിലേറെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. സ്‌പെയിനില്‍ നിന്നെത്തിയ ഒരു തിരുവനന്തപുരം സ്വദേശി ഡോക്ടര്‍, രോഗികളുമായും ഡോക്ടര്‍മാരുമായും ഇടപഴകുകയും ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതോടെയാണ് ആശുപത്രി അധികൃതര്‍ ഈ നടപടി കൈക്കൊണ്ടത്. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെ എല്ലാ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചേക്കുമെന്നാണ് സൂചന.

സ്‌പെയിനില്‍ നിന്ന് മാര്‍ച്ച് ഒന്നിന് മടങ്ങിയെത്തിയ ഡോക്ടര്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോയതാണ് മറ്റ് ഡോക്ടര്‍മാരും നിരീക്ഷണത്തിലാകാന്‍ കാരണം. കൊറോണ സ്ഥിരീകരിച്ച ഡോക്ടറുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിട്ടേക്കും.
ജില്ലയില്‍ പുതുതായി 162 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ പേരൂര്‍ക്കട ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡ് തുറന്നു.

Top