ഗോമൂത്രം തളിച്ച്‌ കൊറോണ ശുചീകരണം; ഹോട്ടലിനെതിരെ പരാതി

കൊച്ചി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനിടയില്‍ രോഗത്തെ ചെറുക്കാന്‍ പലരീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ആരോഗ്യപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളേക്കാള്‍ കൂടുതല്‍ വൈരുദ്ധ്യപരമായ പ്രവര്‍ത്തനങ്ങളാണ് നിലനില്‍ക്കുന്നത്.

ഇപ്പോഴിതാ ഭക്ഷണം കഴിക്കാനെത്തിയവരുടെ ദേഹത്ത് വൈറസ് ശുചീകരണത്തിന്റെ പേരില്‍ ഹോട്ടലധികൃതര്‍ ഗോമൂത്രം തളിച്ചതായി പരാതി. കൊറോണയെ ചെറുക്കാന്‍ ഗോമൂത്രത്തിനാകുമെന്ന വ്യാജപ്രചരണം വ്യാപിക്കുന്നതിനിടയിലാണ് എറണാകുളം ഡിസിസി ജനറല്‍സെക്രട്ടറി രാജു.പി.നായര്‍ക്ക് ഈ ദുരനുഭവമുണ്ടായത്. മുംബൈ ഇസ്‌കോണ്‍ ക്ഷേത്രത്തിന് കീഴിലെ ഹോട്ടലിനെതിരെയാണ് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. തന്റെ പരാതിയില്‍ നടപടിക്കായി കാത്തിരിക്കുകയാണ് ഇദ്ദേഹം.

ഇസ്‌കോണ്‍ ക്ഷേത്ര ട്രസ്റ്റിന് കീഴിലെ ഗോവിന്ദ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു രാജുവും സുഹൃത്തും. ആ സമയം യാതൊരു മുന്നറിയിപ്പുമില്ലാതെ ഹോട്ടല്‍ അധികൃതര്‍ ഇവരുടെ നേര്‍ക്ക് ഗോമൂത്രം തളിക്കുകയായിരുന്നു. ഇരുവരും പ്രതികരിച്ചതോടെ ഇത് സാധരണയായി ചെയ്യുന്നതാണെന്ന വിശദീകരണമാണ് ഹോട്ടല്‍ അധികൃതര്‍ നല്‍കിയത്.

അതേസമയം,നേരത്തെ കൊറോണയെ ചെറുക്കാന്‍ ഗോമൂത്രം കുടിക്കണമെന്ന ആഹ്വാനവുമായി അഖിലേന്ത്യ ഹിന്ദുമഹാസഭ ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തുകയും അത് വലിയ വിവാദമാകുകയും ചെയ്തിരുന്നു.

Top