കൊച്ചി: എറണാകുളം മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിനെതിരെ ട്രെയിനില്‍ കയ്യേറ്റശ്രമം നടത്തിയ യുവാവില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തു. തിരുവല്ലം പാച്ചല്ലൂര്‍ സ്വദേശി അഭിരാജിനെ (22)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 16 കിലോ കഞ്ചാവാണ് അഭിരാജില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം ദിബ്രുഗഢ്- കന്യാകുമാരി വിവേക് എക്സപ്രസിലായിരുന്നു സംഭവം.
തിരുവനന്തപുരത്ത് പോകാന്‍ വേണ്ടിയാണ് എറണാകുളത്തുനിന്ന് ട്രെയിനില്‍ സെബാസ്റ്റ്യന്‍ പോള്‍ കയറിയത്. എന്നാല്‍ എ സി കോച്ചില്‍ സമീപത്തിരുന്ന യുവാവ് അസ്വാഭാവികമായി പെരുമാറി. ഇടിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തിയതോടെ സെബാസ്റ്റ്യന്‍ പോള്‍ ഡെപ്യൂട്ടി ചീഫ് ടിക്കറ്റിങ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് എത്തി അഭിരാജിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് കഞ്ചാവ് കൈവശമുണ്ടെന്ന് ഇയാള്‍ സമ്മതിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി മൂന്നു പൊതികളില്‍ കഞ്ചാവ് കണ്ടെടുത്തത്. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയില്‍നിന്നാണ് അഭിരാജ് കഞ്ചാവ് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.