എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ , കെ.എസ്.യു സംഘര്‍ഷം

കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോ കോളേജില്‍ പുല്‍വാമ അനുസ്മരണം നടത്തിയിരുന്നു. അതേസമയം കെ.എസ്.യു. ഒരു തീറ്റമത്സരവും സംഘടിപ്പിച്ചിരുന്നു. ഈ രണ്ടു പരിപാടികളും ഒരേസമയത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

തങ്ങള്‍ നടത്തുന്ന പരിപാടിയിലേക്ക് എസ്.എഫ്.ഐക്കാര്‍ ഇരച്ചുകയറുകയായിരുന്നു എന്ന് കെ.എസ്.യു.പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം തങ്ങളെ ആക്രമിക്കാന്‍ കെ.എസ്.യുക്കാര്‍ പുറത്തുനിന്ന് ആളെ ഇറക്കിയെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. വലിയ സംഘര്‍മാണ് ലോ കോളേജ് കാമ്പസിനുളളില്‍ നടന്നത്.

പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരെ എറണാകുളം ജനറല്‍ ആശുപത്രിയിലും കെ.എസ്.യു പ്രവര്‍ത്തകരെ ഇന്ദിര ഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ പാലത്തിന് തകരാറു പറ്റിയിട്ടുണ്ടെന്നും അഞ്ചോളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു.

നാല് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് കാമ്പസിനകത്ത് പൊലീസിനെ വിന്യസിപ്പിച്ചിരിക്കുകയാണ്.

Top