കൊച്ചി: മ്യൂസിക് ഫൗണ്ടേഷന്റെ കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളന്വേഷിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവ്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ പരാതിയിലാണ് അന്വേഷണം.
കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. സാമ്പത്തിക തട്ടിപ്പിന് തെളിവ് ലഭിച്ചാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യൂ.
കരുണ സംഗീത പരിപാടിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ പേരു ദുരുപയോഗം ചെയ്തു വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടാണു സന്ദീപ് വാര്യര്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാനായാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ടിക്കറ്റ് വരുമാനം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഫൗണ്ടേഷന്റെ രക്ഷാധികാരി എന്ന നിലയില്‍ തന്റെ പേര് ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടര്‍ നിലപാടെടുത്തു. പരിപാടി തട്ടിപ്പായിരുന്നെന്ന് ഹൈബി ഈഡന്‍ എംപിയും ആരോപിച്ചിരുന്നു