മരട് ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി

കൊച്ചി: മരടില്‍ പൊളിച്ചുനീക്കിയ ഫ്‌ളാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് രാത്രിയില്‍ നീക്കം ചെയ്യാന്‍ തീരുമാനമായത്. സുപ്രീംകോടതി വിധിപ്രകാരം പൊളിച്ചുനീക്കിയ മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളും നിന്നിരുന്ന സ്ഥലത്തുനിന്ന് 76000 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളാണ് നീക്കാനുള്ളത്. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ജെയിന് കോറല്‍കോവ് ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങളാണ് ആദ്യഘട്ടത്തില്‍ നീക്കം ചെയ്യുക.

പൊടി നിയന്ത്രിക്കുന്നതിനായി തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് എന്ന സ്ഥാപനം ആലപ്പുഴ ജില്ലയിലെ യാര്‍ഡിലേക്കാണ് കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ കൊണ്ടുപോവുന്നത്.ഇരുമ്പിന്റെ അവശിഷ്ടങ്ങള്‍ ഫ്ളാറ്റ് പൊളിച്ച കമ്പനികളിലൊന്നായ വിജയ് സ്റ്റീല്‍സ് ഏറ്റെടുക്കും.

പൊളിച്ച ഫ്‌ളാറ്റുകളുടെ മാലിന്യം പൂര്‍ണമായും നീക്കം ചെയ്യുന്നതിന് സുപ്രീംകോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ ഇനി 25 ദിവസം മാത്രമാണ് ശേഷിക്കുന്നത്.

Top