ഇന്ത്യയിലെ ഏറ്റവും പുതിയ ടൊയോട്ടയുടെ വാഹനം സ്വന്തമാക്കി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ടൊയോട്ട നിരയിലെ ഏറ്റവും വലിയ എംപിവി വെല്‍ഫയറാണ് താരം സ്വന്തമാക്കിയത്. ആഡംബര സൗകര്യങ്ങളുമായി വെല്‍ഫയര്‍ ഫെബ്രുവരി 26നാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. കൊച്ചിയിലെ ടൊയോട്ട ഡീലര്‍ഷിപ്പില്‍ നിന്നാണ് വാഹനം എടുത്തത്.
ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്സ്ഷോറൂം വില 79.99 ലക്ഷം രൂപ വരെയാണ്. എന്നാല്‍ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ 79.50 ലക്ഷം രൂപയുമാണ്.
രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്ജിന് കൂടാതെ മുന്‍ പിന് ആക്സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.
യാത്രാസുഖത്തിന് മുന്‍തൂക്കം നല്കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്ടെയ്ന്മെന്റ് സിസ്റ്റം. മാത്രമല്ല ജെബിഎല്ലിന്റെ 17 സ്പീക്കറുകളും ഇതിനുള്ളിലുണ്ട്.