കൊച്ചി: നടന്‍ ഷെയ്‌നിന്റെ വിലക്കുമായി ബന്ധപ്പെട്ട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മ സംഘടനുമായി നടന്ന ചര്‍ച്ചയിലെ കരാര്‍ വ്യവസ്ഥകള്‍ പുറത്ത്.
മാര്‍ച്ച് ഒന്‍പതിന് ഷെയ്ന്‍ വെയില്‍ സിനിമയുടെ ചിത്രീകരണത്തിനെത്തണമെന്നും മാര്‍ച്ച് 28 ശനിയാഴ്ചയ്ക്കകം ഈ ചിത്രത്തിലെ താടിവച്ചുള്ള മുഴുവന്‍ രംഗങ്ങളും അഭിനയിച്ച് പൂര്‍ത്തിയാക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നു. 20 ദിവസമാണ് വെയില്‍ സിനിമയ്ക്കായി താടിവച്ച് ഷെയ്ന്‍ അഭിനയിക്കേണ്ടത്. തുടര്‍ന്ന് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 13 വരെ 14 ദിവസം കുര്‍ബാനി സിനിമയില്‍ താടിവച്ച് അഭിനയിക്കണം. പിന്നീടുള്ള 5 ദിവസം താടിയില്ലാതെയും ഈ സിനിമയില്‍ അഭിനയിക്കണമെന്നും ഈ രണ്ട് സിനിമകളും പൂര്‍ത്തിയായ ശേഷം മാത്രമേ മറ്റ് ചിത്രങ്ങളില്‍ ഷെയ്ന്‍ അഭിനയിക്കാന്‍ പാടുള്ളൂവെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു.
കൂടാതെ വെയില്‍ , കുര്‍ബാനി സിനിമകള്‍ളുടെ നഷ്ടപരിഹാരമായ 16 ലക്ഷം രൂപ വീതം 32 ലക്ഷം രൂപ നല്‍കണം. വെയില്‍ സിനിമയുടെ പ്രതിഫലത്തിന്റെ ബാക്കിയായി ഷെയ്‌നിന് നല്‍കേണ്ട 16 ലക്ഷം രൂപ നിര്‍മാതാവ് ജോബി ജോര്‍ജ് നല്‍കേണ്ടതില്ലെന്നും കുര്‍ബാനി സിനിമയുടെ പ്രതിഫല ഇനത്തില്‍ നിര്‍മാതാവ് സുബൈര്‍ നല്‍കേണ്ട തുകയില്‍ 16 ലക്ഷം കുറച്ച് നല്‍കിയാല്‍ മതിയെന്നും കരാറില്‍ വ്യക്തമാക്കി. കരാറില്‍ ഷെയ്ന്‍ ഒപ്പിട്ട് നല്‍കിയതോടെ വിലക്ക് പിന്‍വലിക്കുന്നതായി നിര്‍മ്മാതാക്കള്‍ അറിയിക്കുകയായിരുന്നു.