കൊച്ചി: സഭാതര്‍ക്കം നിലനിന്നിരുന്ന എറണാകുളം വെട്ടിത്തറ മോര്‍ മിഖായേല്‍ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു. സുപ്രീംകോടതിയുടെ വിധി പ്രകാരം ഓര്‍ത്തഡോക്‌സ് വികാരിയുടെ നേതൃത്വത്തിലാണ് പള്ളിക്കുള്ളില്‍ പ്രവേശിച്ച് കുര്‍ബാന നടത്തിയത്. യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനിന്നിരുന്ന പള്ളി കഴിഞ്ഞ ദിവസമാണ് പൊലീസ് ഏറ്റെടുത്തത്.
സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗം പലതവണ പള്ളിയില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അത് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം എറണാകുളം ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.
പള്ളിയുടെ താക്കോല്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന കോടതി വിധിയെ തുടര്‍ന്നാണ് പൊലീസ് പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറിയത്.